'അവരുടെ ക്യാപ്റ്റൻസിയിൽ ഈ വ്യത്യാസമുണ്ട്'; പ്രതികരണവുമായി ക്രെയ്​ഗ് കമ്മിങ്

'ആദ്യ മത്സരം മുതൽ ബൗളർമാരെ കൃത്യമായി ഉപയോ​ഗിക്കാൻ ടോം ലാഥത്തിന് കഴിഞ്ഞിട്ടുണ്ട്'

dot image

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ വിജയത്തിന് പിന്നാലെ ന്യൂസിലാൻഡ് ക്രിക്കറ്റ് താരങ്ങളായ ടിം സൗത്തിയുടെയും ടോം ലാഥത്തിന്റെയും ക്യാപ്റ്റൻസിയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി മുൻ താരം ക്രെയ്​ഗ് കമ്മിങ്. ഇരുവരും ബൗളർമാരെ ഉപയോ​ഗിച്ചത് വ്യത്യസ്തമായ രീതിയിലാണെന്ന് ന്യൂസിലാൻഡ് മുൻ താരം ചൂണ്ടിക്കാട്ടുന്നു. ലാഥം ടീമിനെ മികച്ച രീതിയിൽ നയിച്ചു. ലളിതമായ തന്ത്രങ്ങളാണ് ലാഥമിന്റെ നേതൃത്വത്തിന്റെ പ്രത്യേകത. സ്പിൻ ബൗളർമാരെ നിരന്തരമായി മാറ്റുവാൻ ടോം ലാഥം തയ്യാറായില്ല. രണ്ടാം ടെസ്റ്റിൽ മിച്ചൽ സാന്ററിനെ കൂടുതൽ സമയം ബൗളിങ്ങിനായി ഉപയോ​ഗിച്ചു. മൂന്നാം ടെസ്റ്റിൽ സാന്ററിനെ കളിപ്പിച്ചില്ല. അജാസ് പട്ടേലാണ് സ്പിൻ നിരയെ നയിച്ചത്. സെൻസ് ആഫ്റ്റർനൂൺസിനോട് കമ്മിങ് പറഞ്ഞു.

'ടിം സൗത്തിയുടെ നേതൃത്വത്തെ ഞാൻ വിമർശിക്കുകയല്ല. എന്നാൽ ബൗളർമാരെ കൃത്യമായി ഉപയോ​ഗിക്കാൻ സൗത്തിക്ക് കഴിഞ്ഞില്ല. ശ്രീലങ്കയിൽ കളിക്കുമ്പോൾ ന്യൂസിലാൻഡിന് നിരവധി ബൗളർമാർ ഉണ്ടായിരുന്നു. എന്നാൽ സ്ഥിരമായി ഒരേ താരങ്ങളെ സൗത്തി നിലനിർത്തി. അതൊരു തെറ്റായി പറയാൻ കഴിയുകയില്ല. എന്നാൽ ടോം ലാഥം ബൗളർമാരെ കൂടുതൽ സ്വതന്ത്രമാക്കി. അവരുടെ മികവിലേക്ക് ഉയരും വരെ പന്തെറിയിച്ചു. ഒരു നിശ്ചിത സമയമാകുമ്പോൾ മാറ്റത്തിനായി ബൗളർമാരെ പിൻവലിക്കാനും ലാഥം ശ്രമിച്ചില്ല.' കമ്മിങ് വ്യക്തമാക്കി.

'ചിലപ്പോൾ ഒരോവറിൽ ബൗളർമാർ മോശമാകും. അത് കാര്യമാക്കേണ്ടതില്ല. വീണ്ടും ആ ബൗളർക്ക് അവസരം നൽകണം. ഇത്തരം രീതികളാണ് ന്യൂസിലാൻഡ് ബൗളർമാരുടെ മികവിന് കാരണമായി ഞാൻ കരുതുന്നത്. ഇന്ത്യൻ ബാറ്റർമാർക്കെതിരെ മികച്ച ബൗളിങ്ങിന് ന്യൂസിലാൻഡ് താരങ്ങൾക്ക് കഴിഞ്ഞു. ഈ പരമ്പരയുടെ തന്നെ വിജയത്തിന് കാരണമായത് ബൗളർമാരുടെ പ്രകടനമാണ്. ആദ്യ മത്സരം മുതൽ ബൗളർമാരെ കൃത്യമായി ഉപയോ​ഗിക്കാൻ ടോം ലാഥത്തിന് കഴിഞ്ഞിട്ടുണ്ട്.' ക്രെയ്​ഗ് കമ്മിങ് വിശദീകരിച്ചു.

Content Highlights: Ex-New Zealand Star's Massive Comparison Of Southee And Tom Latham's Captaincy

dot image
To advertise here,contact us
dot image