ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലത്തിന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഉള്‍പ്പടെ ആറ് താരങ്ങളെ നിലനിര്‍ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോള്‍ സഞ്ജു സാംസണെ ഒന്നാം നമ്പറായി നിലനിര്‍ത്താനുള്ള കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്.
'സഞ്ജു സാംസണ്‍ ഞങ്ങളുടെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമാണ്. വര്‍ഷങ്ങളായി ടീമിനെ നയിക്കുന്നതും അദ്ദേഹമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിലനിര്‍ത്തുന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടിവന്നിരുന്നില്ല', ജിയോസിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ കോച്ച് പറഞ്ഞു.
'ഭാവിയിലും സഞ്ജു തന്നെയായിരിക്കും ഞങ്ങളുടെ ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ഞങ്ങള്‍ക്ക് മികച്ച ഒരു റീട്ടെയ്‌നര്‍ പിക്കായിരുന്നു. താരങ്ങളുടെ നിലനിര്‍ത്തലിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിലും സഞ്ജു വലിയ പങ്ക് വഹിച്ചിട്ടുണ്ട്', ദ്രാവിഡ് വ്യക്തമാക്കി.
ഐപിഎൽ മെഗാലേലത്തിന് മുമ്പായി ആറ് താരങ്ങളെ നിലനിർത്താൻ കഴിഞ്ഞത് ഗുണം ചെയ്തുവെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. അത് ടീമിന് അടിത്തറയിടാൻ സഹായിച്ചു. എങ്കിലും കൂടുതൽ താരങ്ങളെ നിലനിർത്താൻ കഴിയുമായിരുന്നെങ്കിൽ അത് ഉപയോഗിക്കുമായിരുന്നു. ഇപ്പോൾ നിലനിർത്തിയ താരങ്ങൾ രാജസ്ഥാൻ നിരയിൽ സ്ഥാനം അർഹിക്കുന്നവരാണ്. ഇപ്പോൾ ഐപിഎൽ ലേലത്തിന് മുമ്പായി കുറഞ്ഞ തുകയാണ് രാജസ്ഥാന്റെ കൈവശമുള്ളത്. ടീമിലെ ചില സ്ഥാനങ്ങൾ നിശ്ചയിച്ചാണ് താരങ്ങളെ നിലനിർത്തിയത്. അതുകൊണ്ട് ഇനി മികച്ച ടീമിനെ സൃഷ്ടിക്കാൻ കഴിയുമെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പായി സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല എന്നതാണ് ശ്രദ്ധേയം.
രാജസ്ഥാൻ ക്യാപ്റ്റന‍് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി. സന്ദീപ് ശർമ്മയെ അൺക്യാപ്ഡ് താരമായാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്. നാല് കോടി രൂപ സന്ദീപിന് ശമ്പളം ലഭിക്കും. ഐപിഎൽ മെഗാലേലത്തിൽ രാജസ്ഥാന് 41 കോടി രൂപ കൂടി ചെലവഴിക്കാൻ കഴിയും.
Content Highlights: Rahul Dravid On retaining Sanju Samson as the No.1 pick for Rajasthan Royals