42-ാം വയസില്‍ IPL അരങ്ങേറ്റം കുറിക്കാൻ ആൻഡേഴ്സൺ; മെഗാതാരലേലത്തിൽ ജിമ്മിയ്ക്കായി ആര് വല വീശും?

കഴിഞ്ഞ ജൂലൈയില്‍ ആന്‍ഡേഴ്‌സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയില്‍ നടക്കുന്ന മെഗാലേലത്തില്‍ 1,574 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പല സൂപ്പര്‍ താരങ്ങളും ഇത്തവണ മെഗാലേലത്തിലേക്ക് പങ്കെടുക്കുന്നുണ്ട്. ഇംഗ്ലണ്ട് മുന്‍ പേസറും നിലവിലെ ഇംഗ്ലീഷ് ടീം ബൗളിങ് പരിശീലകനുമായ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇത്തവണത്തെ ലേലത്തിലെ സര്‍പ്രൈസുകളിലൊന്ന്.

ആന്‍ഡേഴ്‌സണ്‍ ആദ്യമായാണ് ഐപിഎല്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. 42-ാം വയസിലാണ് ഐപിഎല്‍ മത്സരരംഗത്തും 'ഒരു കൈ' നോക്കാനിറങ്ങുന്നതെന്നതാണ് പ്രത്യേകത. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടിസ്ഥാന വിലയായ 1.25 കോടി രൂപയിലാണ് ആന്‍ഡേഴ്‌സണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യമായി ഐപിഎല്ലിലെത്തുന്ന ആന്‍ഡേഴ്‌സണെ ഏത് ടീം റാഞ്ചുമെന്ന് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ ജൂലൈയില്‍ ആന്‍ഡേഴ്‌സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 704 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ആന്‍ഡേഴ്‌സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇതുവരെ ഐപിഎല്‍ കളിക്കാതിരുന്നത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചതുകൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ ഇപ്പോള്‍ ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

James Anderson headlines IPL 2025 auction list

ആന്‍ഡേഴ്‌സണ്‍ ഒരിക്കല്‍ പോലും ഒരു ഗ്ലോബല്‍ ഫ്രാഞ്ചൈസി ടി20 ലീഗില്‍ മത്സരിച്ചിട്ടില്ല എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. 2014ലാണ് ആന്‍ഡേഴ്‌സണ്‍ ഒടുവില്‍ ട്വന്റി 20 ക്രിക്കറ്റ് കളിച്ചത്. കരിയറില്‍ ഇതുവരെ 44 ടി20 മത്സരങ്ങള്‍ മാത്രമാണ് ആന്‍ഡേഴ്‌സണ്‍ കളിച്ചിട്ടുള്ളത്. അതില്‍ ഇംഗ്ലണ്ടിന് വേണ്ടി 18 ടി20 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയിട്ടുള്ളത്.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത പതിപ്പിലും ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ് ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്‍ താരലേലത്തിനായി ഇംഗ്ലണ്ടില്‍ നിന്നുള്ള താരങ്ങളുടെ പട്ടികയില്‍ ബെന്‍ സ്റ്റോക്‌സ് പേര് നല്‍കിയിട്ടില്ല. 2022ല്‍ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായതാണ് ബെന്‍ സ്റ്റോക്‌സ്. 2023ലെ ഐപിഎല്ലില്‍ കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് സീസണിന്റെ പകുതിക്ക് വെച്ച് സ്റ്റോക്‌സിന് പിന്‍വാങ്ങേണ്ടി വന്നിരുന്നു.

Ben Stokes IPL

2024ലെ ഐപിഎല്ലില്‍ അമിത ജോലി ഭാരം കാരണം സ്റ്റോക്‌സ് കളിച്ചിരുന്നില്ല. മെഗാലേലത്തില്‍ നിന്ന് പിന്മാറുമ്പോള്‍ അടുത്ത രണ്ട് സീസണുകളിലെ മിനി ലേലത്തിലും ബെന്‍ സ്റ്റോക്‌സിന് പങ്കെടുക്കാന്‍ കഴിയില്ല. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് നിരയിലും 33കാരനായ സ്റ്റോക്‌സ് ഉണ്ടായിരുന്നില്ല.

ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1,574 താരങ്ങളില്‍ 1,165 പേർ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 അന്താരാഷ്ട്ര താരങ്ങളാണ് ലേലത്തിനെത്തുന്നത്. 1,224 താരങ്ങള്‍ അണ്‍ക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്.

ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ്. 91 താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലേലത്തിന് പങ്കെടുക്കും. ഓസ്‌ട്രേലിയയില്‍ നിന്ന് 76 താരങ്ങള്‍ ലേലത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടില്‍ നിന്ന് 52 താരങ്ങളും മെഗാലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറ്റലിയില്‍ നിന്നുള്ള ഒരു താരവും ഐപിഎല്‍ താരലേലത്തില്‍ ഇടംനേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും ഇറ്റലി ക്രിക്കറ്റിലേക്ക് ചുവടുമാറിയ ജോ ബേണ്‍സ് ആണ് ഈ താരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: England Pacer James Anderson, 42, registers for IPL auction for the first time

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us