ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം. 92 റൺസിനാണ് അഫ്ഗാന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 49.4 ഓവറിൽ 235 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 34.3 ഓവറിൽ ബംഗ്ലാദേശ് പോരാട്ടം 143 റൺസിൽ അവസാനിച്ചു. ആറ് വിക്കറ്റെടുത്ത അല്ലാഹ് ഗസൻഫർ ആണ് അഫ്ഗാന്റെ വിജയത്തിൽ നിർണായകമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. 71 റൺസെടുക്കുന്നതിനിടെ അഫ്ഗാന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ആറാം വിക്കറ്റിൽ അഫ്ഗാനിസ്ഥാൻ നായകൻ ഹസമത്തുള്ള ഷാഹിദിയും മുഹമ്മദ് നബിയും ഒത്തുചേർന്നതോടെയാണ് സ്കോർബോർഡ് മുന്നോട്ട് നീങ്ങിയത്. ഷാഹിദി 52 റൺസും നബി 84 റൺസും നേടി. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 104 റൺസ് പിറന്നു. മറ്റാർക്കും വലിയ സ്കോർ കണ്ടെത്താൻ കഴിയാതെ പോയതോടെയാണ് അഫ്ഗാൻ ചെറിയ സ്കോറിലേക്ക് ഒതുങ്ങിയത്. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദും മുസ്തഫിസൂർ റഹ്മാനും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിനായി നജ്മുൾ ഹൊസൈൻ ഷാന്റെ 47 റൺസെടുത്തു. സൗമ്യ സർക്കാർ 33 റൺസും മെഹിദി ഹസൻ മിറാസ് 28 റൺസും സംഭാവന ചെയ്തു. ഒരു ഘട്ടത്തിൽ രണ്ടിന് 120 എന്ന ശക്തമായ നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ പിന്നീട് 23 റൺസിനിടെ ബംഗ്ലാദേശ് എട്ട് വിക്കറ്റുകൾ വലിച്ചെറിഞ്ഞു.
Content Highlights: Ghazanfar takes 6 wickets as AFG win by 92 runs