വാതിലുകളടഞ്ഞിട്ടില്ല, എങ്കിലും ഇതൊരു 'മനോഹരമായ പുറത്താകല്‍'; RCB നിലനിർത്താത്തതില്‍ പ്രതികരിച്ച് മാക്‌സ്‌വെല്‍

2025 ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരത്തെ കൈവിട്ടിരിക്കുകയാണ് ആര്‍സിബി.

dot image

ഐപിഎല്‍ 2025 മെഗാതാരലേലത്തിന് മുന്‍പായുള്ള റീടെന്‍ഷനില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തന്നെ നിലനിര്‍ത്താത്തതില്‍ ആദ്യമായി പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. വലിയ പരാജയമായ കഴിഞ്ഞ സീസണു ശേഷം 2025 ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരത്തെ കൈവിട്ടിരിക്കുകയാണ് ആര്‍സിബി. എങ്കിലും വരാനിരിക്കുന്ന സീസണുകളില്‍ ടീമിന്റെ പദ്ധതികള്‍ താന്‍ മനസിലാക്കിയിട്ടുണ്ടെന്നും ആര്‍സിബിയുമായുള്ള തന്റെ ബന്ധം അവസാനിച്ചിട്ടില്ലെന്നും പറയുകയാണ് മാക്‌സ്‌വെല്‍.

'റീടെന്‍ഷന് മുമ്പേ ടീം മാനേജ്‌മെന്റ് എന്നോട് സംസാരിക്കുകയും നിലനിര്‍ത്തില്ലെന്ന് നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. അത് വളരെ 'മനോഹരമായ പുറത്താകലായിരുന്നു'. അക്കാര്യത്തില്‍ എനിക്ക് വളരെ സന്തോഷം തോന്നി. എല്ലാ ടീമുകളും ഇതുപോലെ തുറന്നു സംസാരിച്ചിരുന്നെങ്കിലെന്ന് ഞാൻ ആ​ഗ്രഹിച്ചു. അങ്ങനെ സംസാരിക്കുന്നത് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കും', മാക്‌സ്‌വെല്‍ പറഞ്ഞു.

ടീമിന്റെ മുന്നോട്ടുള്ള പദ്ധതികളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ടീമില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ അത്യാവശ്യമാണ്. പക്ഷേ ആര്‍സിബിക്കൊപ്പമുള്ള എന്റെ യാത്ര അവസാനിച്ചുവെന്ന് ഞാന്‍ പറയില്ല. അവിടെയെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കാന്‍ കഴിയുന്ന മികച്ച ഫ്രാഞ്ചൈസിയായിരുന്നു അത്. അവിടെ എന്റെ സമയം ശരിക്കും ആസ്വദിച്ചു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരാട് കോഹ്‌ലി ഉള്‍പ്പെടെ മൂന്നു താരങ്ങളെ മാത്രമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തിയത്. റെക്കോര്‍ഡ് തുകയായ 21 കോടി രൂപക്കാണ് കോഹ്ലിയെ ടീമില്‍ നിലനിര്‍ത്തിയത്. യുവ ബാറ്റര്‍ രജത് പാട്ടിദാര്‍ (11 കോടി), പേസര്‍ യാഷ് ദയാല്‍ (അഞ്ച് കോടി) എന്നിവരാണ് നിലനിര്‍ത്തിയ മറ്റു താരങ്ങള്‍. വിദേശ താരങ്ങളില്‍ ആരെയും ആര്‍സിബി നിലനിര്‍ത്തിയില്ല. അതേസമയം മെഗാതാരലേലത്തില്‍ മാക്‌സ്‌വെല്ലിനെ ആര്‍സിബി സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: IPL 2025: Glenn Maxwell breaks silence after ‘beautiful’ RCB exit

dot image
To advertise here,contact us
dot image