രഞ്ജി ട്രോഫി; ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് കേരളം; നിർണ്ണായക മത്സരത്തിനിറങ്ങുന്നത് സഞ്ജുവില്ലാതെ

മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌.

dot image

രഞ്ജി ട്രോഫി ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ ഫീൽഡിങ് തിരഞ്ഞെടുത്ത് കേരളം. തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്. എം ഡി നിധീഷിന് പകരം പേസര്‍ കെ എം ആസിഫ് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌. കര്‍ണാടകക്കും എട്ട് പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയന്‍റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ച് പോയന്‍റുള്ള ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്താണ്.

തുമ്പയിൽ അവസാനം നടന്ന രഞ്ജി മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ കര്‍ണാടകക്കെതിരായ നടന്ന എവേ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാഞ്ഞത് കേരളത്തിന് തിരിച്ചടിയായി. ബംഗാളിനെതിരെ നടന്ന എവേ മത്സരത്തിലും മഴ വില്ലനായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായത് കേരളത്തിന് നേട്ടമായി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിക്കാനായി പോയതിനാല്‍ സഞ്ജു സാംസണ്‍ ടീമിലില്ല. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് ദിവസവും ഉച്ചക്ക് ശേഷം കനത്ത മഴ പെയ്തിരുന്നു.

ഉത്തർപ്രദേശ് പ്ലേയിംഗ് ഇലവൻ: മാധവ് കൗശിക്, ആര്യൻ ജുയൽ(ക്യാപ്റ്റൻ), പ്രിയം ഗാർഗ്, നിതീഷ് റാണ, സമീർ റിസ്‌വി, സിദ്ധാർത്ഥ് യാദവ്, സൗരഭ് കുമാർ, ശിവം മാവി, പിയൂഷ് ചൗള, ശിവം ശർമ്മ, ആഖിബ് ഖാൻ.

കേരളം പ്ലേയിംഗ് ഇലവൻ: വത്സൽ ഗോവിന്ദ്, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സച്ചിൻ ബേബി(ക്യാപ്റ്റൻ), അക്ഷയ് ചന്ദ്രൻ, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, ബേസിൽ തമ്പി, കെഎം ആസിഫ്.

Content Highlights: Kerala won the toss and chose to field in Ranji trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us