മത്സരത്തിനിടെ ക്യാപ്റ്റനുമായി അഭിപ്രായ വ്യത്യാസം; കളം വിട്ട് വെസ്റ്റ് ഇൻഡീസ് താരം

മത്സരത്തിൽ ഇം​ഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം നേടി

dot image

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായി ഹോപ്പുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കളം വിട്ട് പേസർ അൽസാരി ജോസഫ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ഇന്നിം​ഗ്സിന്റെ നാലാം ഓവറിലാണ് സംഭവം. അൽസാരി ജോസഫിനായി ക്യാപ്റ്റൻ ഷായി ഹോപ്പ് തയ്യാറാക്കിയിരുന്ന ഫീൽഡ് സെറ്റപ്പിൽ വിൻഡീസ് പേസർ തൃപ്തനല്ലായിരുന്നു. ആദ്യ മൂന്ന് പന്തുകൾ സാധാരണപോലെ പന്തെറിഞ അൽസാരി നാലാം ബോളിൽ സ്പീഡ് വർധിപ്പിച്ചു. 148 കിലോ മീറ്റർ വേ​ഗതയിൽ വന്ന പന്തിൽ ബാറ്റുവെച്ച ഇംഗ്ലണ്ട് താരം ജോർദാൻ കോക്സിനെ വിക്കറ്റിന് പിന്നിൽ ക്യാപ്റ്റൻ ഷായി ഹോപ്പ് പിടികൂടി. പിന്നാലെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിന് പകരം അൽസാരി ജോസഫ് വിൻഡീസ് നായകനോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. ഓവറിലെ അഞ്ചാം പന്തിൽ 148 കിലോ മീറ്റർ സ്പീഡിലും അവസാന പന്തിൽ 146 കിലോ മീറ്റർ സ്പീഡിലുമാണ് അൽസാരി പന്തെറിഞ്ഞത്.

ഓവർ പൂർത്തിയായതിന് പിന്നാലെ ദേഷ്യത്തോടെ അൽസാരി ജോസഫ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. വിൻഡീസ് പരിശീലകൻ ഡാരൻ സാമി താരവുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അൽസാരി ശ്രദ്ധ കൊടുത്തില്ല. പിന്നാലെ ഏതാനും ഓവറുകൾ കഴിഞ്ഞതിന് ശേഷമാണ് അൽസാരി ജോസഫ് കളത്തിലേക്ക് മടങ്ങിയെത്തിയത്.

മത്സരത്തിൽ ഇം​ഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് 43 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബ്രണ്ടൻ കിങ്ങും കീസി കാർട്ടിയും നേടിയ സെഞ്ച്വറി മികവിലാണ് വിൻഡീസിന്റെ വിജയം. തകർപ്പൻ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫിൽ സോൾട്ട് 74, സാം കരൺ 40, ഡാൻ മൗസ്ലി 57 എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിൽ ടീം സ്കോർ 42ൽ നിൽക്കെ 19 റൺസെടുത്ത എവിൻ ലീവ്സിന്റെ വി​ക്കറ്റ് വിൻഡീസിന് നഷ്ടമായി. എന്നാല്‍ ബ്രണ്ടൻ കിങ്ങും കീസി കാർട്ടിയും ക്രീസിൽ ഒന്നിച്ചതോടെ വിൻഡീസ് സം​ഘത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

ബ്രണ്ടൻ കിങ് 102 റൺസെടുത്താണ് പുറത്തായത്. കീസി കാർട്ടി 119 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 209 റൺസ് കൂട്ടിച്ചേർത്തു. ബ്രണ്ടൻ കിങ് പുറത്തായതോടെ ക്യാപ്റ്റൻ ഷായി ഹോപ്പ് ക്രീസിലെത്തി. വിൻഡീസ് വിജയം നേടുമ്പോൾ ഹോപ്പ് അഞ്ച് റൺസുമായി ക്രീസിൽ നിന്നു.

Content Highlights: Alzari Joseph storms off the field after on-field disagreement with Shai Hope

dot image
To advertise here,contact us
dot image