രഞ്ജിട്രോഫി: സച്ചിനും സൽമാൻ നിസാറും തിളങ്ങി, യുപിക്കെതിരെ കേരളത്തിന് മികച്ച ലീഡ്

ആദ്യ ഇന്നിങ്‌സിലെ രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റിന് 340 റൺസ് എന്ന നിലയിലാണ്.

dot image

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് 178 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്‌സിലെ രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റിന് 340 റൺസ് എന്ന നിലയിലാണ്. 74 റൺസെടുത്ത സൽമാൻ നിസാറും 11 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ധീനുമാണ് നിലവിൽ ക്രീസിൽ. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സച്ചിൻ ബേബി 83 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. വത്സൽ ഗോവിന്ദ്(23), രോഹൻ കുന്നുമ്മൽ(28), ബാബ അപർജിത്ത്(32), അക്ഷയ് ചന്ദ്രൻ(24), ജലജ് സക്‌സേന( 35 ) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

നേരത്തെ ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഓൾ ഔട്ടാക്കിയ കേരളം രണ്ടാം ദിവസം ആദ്യ സെഷനിൽ എതിരാളികളുടെ സ്കോർ മറികടന്നിരുന്നു. ആദ്യ ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിൽ കളി അവസാനിപ്പിച്ച കേരളം രണ്ടാം ദിനം ശ്രദ്ധയോടെയാണ് കളിച്ചത്. നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഉത്തര്‍പ്രദേശിനെ ബാറ്റിങിനയക്കുകയായിരുന്നു . ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. ജലജ് സക്‌സേന അഞ്ചുവിക്കറ്റും ബേസില്‍ തമ്പി രണ്ടുവിക്കറ്റും സര്‍വാതെ, ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഉത്തർപ്രദേശിന്റെ വേണ്ടി ശിവം ശർമ 30 റൺസും ആര്യൻ ജുയാൽ 23 റൺസും നിതീഷ് റാണ 25 റൺസും നേടി.

അതേ സമയം കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌. കര്‍ണാടകക്കും എട്ട് പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയന്‍റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ച് പോയന്‍റുള്ള ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്താണ്.

Content Highlights: ranji trophy Sachin and Salman Nisar fifty; Good lead for Kerala against UP

dot image
To advertise here,contact us
dot image