ഐപിഎൽ മെഗാലേലത്തിന് മുമ്പായി വമ്പൻ തുകയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെ നിലനിർത്തിയതിന് പിന്നാലെ പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഉത്തര്‍പ്രദേശ് അലിഗഢിലെ ഓസോണ്‍ സിറ്റിയില്‍ ഗോള്‍ഡന്‍ എസ്‌റ്റേറ്റിൽ 3.5 കോടി രൂപ മുടക്കിയാണ് ഇന്ത്യയുടെ യുവതാരം പുതിയ വീട് സ്വന്തമാക്കിയത്. 500 സ്‌ക്വയര്‍ യാര്‍ഡ് വിസ്തീര്‍ണമുള്ള വീട്ടിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വീട് സ്വന്തമാക്കിയതിന് പിന്നാലെ ബുധനാഴ്ച റിങ്കു കുടുംബത്തോടൊപ്പം പുതിയ വീട്ടിലേക്ക് മാറി.
പിതാവ് ജോലി ചെയ്തിരുന്ന നഗരത്തിലാണ് താരം വീട് സ്വന്തമാക്കിയത് എന്നതാണ് മറ്റൊരു കൗതുകം. ഈ നഗരത്തിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന ജോലിയാണ് റിങ്കുവിന്റെ പിതാവ് ഖന്‍ചന്ദ് സിങിന്റേത്. അലിഗഢിലെ കടകളില്‍ ഖന്‍ചന്ദ് സിലിണ്ടർ വിതരണം ചെയുന്ന വീഡിയോ ഇതിന് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Rinku Singh bought a New house in Aligarh pic.twitter.com/7nN9dLekKf
— Bewada babloo 🧉 (@babloobhaiya3) November 6, 2024
നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടിക്കാണ് വെടിക്കെട്ട് ബാറ്ററെ നിലനിർത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരെ അടക്കം നിലനിർത്താതിരുന്ന കൊൽക്കത്ത മാനേജ്‌മെന്റ് റിങ്കുവിന്റെ കാര്യത്തിൽ മറ്റൊന്നുമാലോചിച്ചില്ല. കൊൽക്കത്ത നിലനിർത്തിയ ആറ് താരങ്ങളിൽ ഏറ്റവും കൂടുതൽ തുക നൽകിയതും റിങ്കുവിനാണ്. സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടീമില്‍ നിലനിര്‍ത്തിയ മറ്റു താരങ്ങൾ. 2018 ൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ റിങ്കു മൊത്തം 46 മത്സരങ്ങളിൽ നിന്ന് 893 റൺസാണ് നേടിയിട്ടുള്ളത്. മിഡിൽ ഓവറുകളിലിറങ്ങുന്ന റിങ്കു കുറഞ്ഞ പന്തുകളിൽ കൂടുതൽ റൺസ് നേടുന്നു എന്നതാണ് താരത്തെ ശ്രദ്ധേയമാക്കുന്നത്. 143.3 ആണ് ഐപിഎല്ലിൽ താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഇന്ത്യക്കായി രണ്ട് ഏകദിനങ്ങൾ കളിച്ച റിങ്കു 134 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. 26 ടി20 മത്സരങ്ങളിലും റിങ്കു ഇന്ത്യൻ ജഴ്സിയണിഞ്ഞു. 175.1 സ്ട്രൈക്ക് റേറ്റിലാണ് ട്വൻറി 20 ക്രിക്കറ്റിൽ റിങ്കു ബാറ്റ് വീശിയത്.
Content Highlights: Rinku Singh Gets Retained By Kolkata Knight Riders For Rs 13 Crore, Buys Bungalow in aligarh