ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് മുന്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ കുന്തമുനയായ ബുംറയെ തളയ്ക്കാനുള്ള തന്ത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീം ഒരുക്കിയിട്ടുണ്ടെന്നാണ് ഡൂള്‍ പറയുന്നത്. ഇന്ത്യയ്ക്ക് മേല്‍ സര്‍വാധിപത്യം നേടുന്നതിനായി വളരെ ബുദ്ധിപരമായാണ് ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങള്‍ ഓസ്‌ട്രേലിയ ക്രമീകരിച്ചിട്ടുള്ളതെന്നും ഡൂള്‍ ചൂണ്ടിക്കാട്ടി.
'ഓസ്‌ട്രേലിയ വളരെ സമര്‍ത്ഥമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ബാറ്റര്‍മാരായിരിക്കും പരമ്പരയില്‍ നിര്‍ണായകമാവുകയെന്ന് അവര്‍ക്ക് അറിയാം. അവരുടെ ഏറ്റവും വലിയ ഭീഷണി ജസ്പ്രീത് ബുംറയാണ്. അതുകൊണ്ടുതന്നെ ഒരു പിങ്ക് ബോള്‍ ടെസ്റ്റ് ഉള്‍പ്പടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും കടുപ്പമുള്ളതും വേഗതയുള്ളതുമായ പിച്ചിലാണ് ഓസ്‌ട്രേലിയ മത്സരം ഒരുക്കിയിരിക്കുന്നത്. ', ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡൂള്‍ പറഞ്ഞു.
'പെര്‍ത്തിലെ ചൂടില്‍ ബുംറ ഏറെ കഷ്ടപ്പെടേണ്ടി വരും. അവിടെ ബുംറയ്ക്ക് ഒരുപാട് ഓവറുകള്‍ പന്തെറിയേണ്ടിവരും. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിലും ബുംറയ്ക്ക് ഒരുപാട് ഓവറുകള്‍ എറിയണം. അതിന് ശേഷം ബ്രിസ്ബെയ്‌നിലെ അടുത്ത ടെസ്റ്റില്‍ സീമര്‍മാരെ തുണയ്ക്കുന്ന പിച്ചാണുള്ളത്', ഡൂള്‍ ചൂണ്ടിക്കാട്ടി.
'രണ്ടോ മൂന്നോ ടെസ്റ്റുകള്‍ക്കുള്ളില്‍ തന്നെ ബുംറയെ ഓസ്‌ട്രേലിയ വളരെയധികം 'പണിയെടുപ്പിക്കും. ബുംറ ഒരുപാട് ഓവറുകള്‍ പന്തെറിയുന്നുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തും. അതുകൊണ്ട് തന്നെ ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. ഇന്ത്യയ്ക്ക് തീര്‍ച്ചയായും മറ്റൊരു ബൗളറെ ആശ്രയിക്കേണ്ടിവരും. ഓസ്‌ട്രേലിയ വളരെ സമര്‍ത്ഥമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഓസ്‌ട്രേലിയ വളരെ അപൂര്‍വമായി മാത്രമാണ് ഒരു പരമ്പര പെര്‍ത്തില്‍ ആരംഭിക്കുന്നത്', ഡൂള്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡ് പരമ്പര കൈവിട്ട ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നതിനായി വളരെ നിര്‍ണായകമാണ് ഓസീസ് പരമ്പര. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ബൗളിങ്ങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി കണക്കാക്കപ്പെടുന്ന താരമാണ് ബുംറ. പരിക്കില്‍ നിന്ന് ഇതുവരെ മോചിതനല്ലാത്ത പേസര്‍ മുഹമ്മദ് ഷമിയുടെ സേവനം ഇന്ത്യയ്ക്ക് ലഭ്യമാവില്ല. സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുള്ള മറ്റൊരു പേസര്‍ മുഹമ്മദ് സിറാജ് മോശം ഫോമിലുമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് കൂടുതലായും ബുംറയെ ആശ്രയിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
Content Highlights: Simon Doull warns India that Australia's 'smart scheduling' to 'cook' Jasprit Bumrah