ഡർബനിൽ സഞ്ജുവിന്റെ വെടിക്കെട്ട്; കടപുഴകിയത് അര ഡസനോളം റെക്കോർഡുകൾ

27 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയ സഞ്ജു സെഞ്ച്വറിയിലെത്താന്‍ എടുത്തത് 20 പന്തുകള്‍ കൂടി മാത്രമായിരുന്നു

dot image

ബഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍ തിളങ്ങിയതോടെ കടപുഴകിയത് അരഡസനോളം റെക്കോർഡുകൾ. 47 പന്തില്‍ സെഞ്ച്വറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി.

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം താരവുമായി സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 27 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയ സഞ്ജു സെഞ്ച്വറിയിലെത്താന്‍ എടുത്തത് 20 പന്തുകള്‍ കൂടി മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ താരത്തിന്‍റെ അതിവേഗ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു മറികടന്നു. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്.

ഏഴ് ഫോറും ഒമ്പത് സിക്സും നേടിയാണ് സഞ്ജു സെഞ്ച്വറി തികച്ചത്. 50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തിയ സഞ്ജു പതിനാറാം ഓവറിലെ അവസാന പന്തിൽ 107 റണ്‍സെടുത്താണ് പുറത്തായത്. രോഹിത് ശര്‍മയോടൊപ്പം മറ്റൊരു വമ്പന്‍ റെക്കോർഡും ഇതോടെ സഞ്ജു പങ്കുവെയ്ക്കും. ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമെന്ന ബഹുമതിയാണ് രോഹിതിനൊപ്പം സഞ്ജു കുറിച്ചിരിക്കുന്നത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ രോഹിത് ശര്‍മയും 10 സിക്‌സുകള്‍ നേടിയിരുന്നു.

തുടർച്ചയായ രണ്ട് ടി20 ഇന്നിങ്‌സുകളില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോർഡില്‍ സഞ്ജു സാംസണ്‍ മുന്നിലെത്തി. 111, 107 റണ്‍സ് പ്രകടനത്തോടെ 218 റണ്‍സാണ് സഞ്ജു നേടിയത്. 181 റണ്‍സ് നേടിയ റുതുരാജ് ഗെയ്ക് വാദിനെയാണ് സഞ്ജു മറികടന്നത്. രോഹിത് ശര്‍മ 173 റണ്‍സും വിരാട് കോലിയും കെ എല്‍ രാഹുല്‍ 171 റണ്‍സുമാണ് നേടിയിട്ടുണ്ട്. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ വിദേശ പിച്ചിൽ നേടുന്ന ഏറ്റവും ഉയർന്ന ടി 20 വ്യക്തിഗത സ്കോർ എന്ന നേട്ടവും ഈ പ്രകടനത്തോടെ സഞ്ജു സ്വന്തമാക്കി.

Content Highlights: Sanju Samson new records with century vs southafrica

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us