അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് 68 റൺസ് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെടുത്തു. അഫ്ഗാനിസ്ഥാന്റെ മറുപടി 43.3 ഓവറിൽ 184 റൺസിൽ എല്ലാവരും പുറത്തായി. ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാനായിരുന്നു വിജയം. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.
രണ്ടാം മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ 76 റൺസെടുത്ത് ബംഗ്ലാദേശ് ഇന്നിംഗ്സിന് അടിത്തറയിട്ടു. ജാക്കർ അലി പുറത്താകാതെ 37, സൗമ്യ സർക്കാർ 35, നസും അഹമ്മദ് 25, തൻസിദ് ഹസൻ 22, മെഹിദി ഹസൻ മിറാസ് 22 എന്നിങ്ങനെയും ബംഗ്ലാദേശ് നിരയിൽ സ്കോർ ചെയ്തു. അഫ്ഗാനായി നംഗേയാലിയ ഖരോട്ടെ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനായി 52 റൺസെടുത്ത റഹ്മത്ത് ഷായാണ് ടോപ് സ്കോററായത്. സെദിക്വള്ളാഹ് അത്തൽ 39, ഗുലാബ്ദീൻ നയീബ് 26 എന്നിങ്ങനെയും അഫ്ഗാൻ താരങ്ങൾ സ്കോർ ചെയ്തു. എന്നാൽ വിജയലക്ഷ്യത്തിലേക്ക് എത്താനുള്ള ഇന്നിംഗ്സുകൾ അഫ്ഗാൻ നിരയിൽ ഉണ്ടായില്ല. ബംഗ്ലാദേശിനായി നസും അഹമ്മദ് മൂന്ന് വിക്കറ്റുകളെടുത്തു.
Content Highlights: BAN beat AFG by 68 runs to level series 1-1 in Sharjah