
ജൂണിൽ നടന്ന ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലെ നിർണായക നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ലോകകിരീടം വിജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തിൽ 30 റൺസ് മതിയെന്ന അവസ്ഥയിലെത്തി. ആരും ഇന്ത്യയ്ക്ക് വിജയസാധ്യത കൽപ്പിച്ചിരുന്നില്ല. അത്ര പ്രയാസകരമായ അവസ്ഥയായിരുന്നിട്ടും ഇന്ത്യൻ ടീം തോറ്റുകൊടുത്തില്ല. ജീവിതത്തിൽ ഒരിക്കലും തോറ്റുകൊടുക്കരുത്. അവസാന നിമിഷം വരെ പോരാടണം. ട്വന്റി 20 ലോകകപ്പ് വിജയിച്ചതിൽ ഇന്ത്യൻ ടീം ഏറെ സന്തോഷിച്ചുവെന്നും രാജസ്ഥാൻ റോയൽസിന്റെ പരിശീലന ക്യാമ്പിനിടെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ദ്രാവിഡ് പറഞ്ഞു.
ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തിരുന്നു. വിരാട് കോഹ്‍ലി നേടിയ 76 റൺസിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോറിലേക്കെത്തിച്ചത്. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 15 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 147 റൺസിലെത്തി. അവസാന 30 പന്തിൽ 30 റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. പിന്നീടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പോരാട്ട വീര്യം കണ്ടത്.
ദക്ഷിണാഫ്രിക്കയ്ക്കായി നന്നായി കളിച്ചുകൊണ്ടിരുന്ന ഹെൻറിച്ച് ക്ലാസൻ 52 റൺസുമായി പുറത്തായി. അവസാന ഓവറിലെ ആദ്യ പന്തിലാണ് ദക്ഷിണാഫ്രിക്കയുടെ വിജയപ്രതീക്ഷയായിരുന്ന ഡേവിഡ് മില്ലറെ നഷ്ടമാകുന്നത്. പിന്നാലെ ഇന്ത്യ ഏഴ് റൺസിന്റെ വിജയവും നേടി. 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐസിസി കിരീടവും 13 വർഷത്തിന് ശേഷം ലോകകിരീടവും 17 വർഷത്തിന് ശേഷം ട്വന്റി 20 ലോകകിരീടവും ഇന്ത്യൻ മണ്ണിലേക്കെത്തി.
Content Highlights: Rahul Dravid recalls India's T20 World Cup final against South Africa