സ്പിന്നിനെതിരെ മറ്റാർക്കുമില്ലാത്ത നേട്ടം, തെളിയിച്ചത് പോരേ?; സഞ്ജുവിനെ ടെസ്റ്റ് ടീമിലെടുക്കണം

കഴിഞ്ഞ ദുലീപ് ട്രോഫിയിലും സെഞ്ച്വറി ഉള്‍പ്പെടെ മികച്ച ഇന്നിങ്‌സുകള്‍ സഞ്ജുവില്‍ നിന്ന് ഉണ്ടായിരുന്നു.

dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കൂടി തകർപ്പൻ സെഞ്ച്വറി നേടിയതോടെ സഞ്ജു സാംസൺ ഡിസ്കഷൻ ക്രിക്കറ്റ് ലോകത്ത് വീണ്ടും സജീവമായിരിക്കുകയാണ്. ആഭ്യന്തര ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും താരത്തിന് അവസരം നൽകാൻ വൈകിയതിനെ ചൊല്ലി വിവാദങ്ങളും തർക്കങ്ങളും നേരത്തെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ സ്പിന്നിനെതിരെ അസാമാന്യ പ്രകടനം നടത്തുന്ന സഞ്ജുവിനെ ടെസ്റ്റ് ക്രിക്കറ്റിലും പരിഗണിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും.

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് കൂടി സെലക്ടര്‍മാര്‍ തന്നെ പരിഗണിക്കുന്നുണ്ടെന്ന് എതാനും ദിവസം മുമ്പാണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തിനായി രഞ്ജി ട്രോഫി മല്‍സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. ടെസ്റ്റ് ക്യാപ് ലഭിക്കുന്നതിന് ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റില്‍ പ്രാഗല്‍ഭ്യം തെളിയിക്കണമെന്ന് ദേശീയ സെലക്ടര്‍മാര്‍ ഉപദേശിക്കുകയായിരുന്നു.

കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി ഉള്‍പ്പെടെ മികച്ച ഇന്നിങ്‌സുകള്‍ സഞ്ജുവില്‍ നിന്ന് ഉണ്ടായിരുന്നു. നാല് മാച്ചുകളില്‍ 196 റണ്‍സായിരുന്നു ടൂര്‍ണമെന്റില്‍ നേടിയത്. കഴിഞ്ഞ ടി20 പരമ്പരയിലും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും തകർപ്പൻ സെഞ്ച്വറികൾ കുറിച്ചു. അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന നാലാമനും ആദ്യ ഇന്ത്യക്കാരനുമായി. ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു മറികടന്നു. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു ഇന്നലെ മറികടന്നത്.

രോഹിത് ശര്‍മയോടൊപ്പം മറ്റൊരു വമ്പന്‍ റെക്കോർഡും ഇതോടെ സഞ്ജു പങ്കുവെച്ചു. ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമെന്ന ബഹുമതിയാണ് രോഹിതിനൊപ്പം സഞ്ജു കുറിച്ചിരിക്കുന്നത്. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ വിദേശ പിച്ചിൽ നേടുന്ന ഏറ്റവും ഉയർന്ന ടി 20 വ്യക്തിഗത സ്കോർ എന്ന നേട്ടവും ഈ പ്രകടനത്തോടെ സഞ്ജു സ്വന്തമാക്കി. തുടർച്ചയായ രണ്ട് ടി20 ഇന്നിങ്‌സുകളില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോർഡില്‍ സഞ്ജു സാംസണ്‍ മുന്നിലെത്തി. 111, 107 റണ്‍സ് പ്രകടനത്തോടെ 218 റണ്‍സാണ് സഞ്ജു നേടിയത്. 181 റണ്‍സ് നേടിയ റുതുരാജ് ഗെയ്ക് വാദിനെയാണ് സഞ്ജു മറികടന്നത്.

സ്പിന്നിനെതിരെയും സഞ്ജു റെക്കോർഡിട്ടു. സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ഒരു ടി 20 മാച്ചില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പ്രകടനമാണിത്. 27 സ്പിന്‍ ബോളുകള്‍ നേരിട്ട സഞ്ജു 58 റണ്‍സ് വാരിക്കൂട്ടി. ഒരു ടി20 മാച്ചില്‍ സ്പിന്നിനെതിരേ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് നേരത്തേ തന്നെ സഞ്ജുവിന്റെ പേരിലുണ്ട്. ബംഗ്ലാദേശിനെതിരെ ആയിരുന്നു ഇത്. 2024ല്‍ ഹൈദരാബാദില്‍ 23 സ്പിന്‍ പന്തില്‍ 64 റണ്‍സ് നേടിയാണ് സഞ്ജു തന്റെ കഴിവ് തെളിയിച്ചത്.

സ്പിന്നിനെതിരെയുള്ള പ്രകടനത്തിലും സഞ്ജു തന്റെ സ്ഥിരത തെളിയിച്ചതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ താരത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. ഏതാനും ദിവസം മുമ്പ് ഇന്ത്യയില്‍ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 3-0ന് ഇന്ത്യ നാണംകെട്ടിരുന്നു. കിവികളുടെ സ്പിന്‍ ആക്രമണത്തിന് മുന്നിലായിരുന്നു ഇന്ത്യയുടെ പേരുക്കേട്ട നിര തകര്‍ന്നടിഞ്ഞത്. ഇതിന് പിന്നാലെ മുന്‍ ക്രിക്കറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്പിന്നിനെതിരേ നന്നായി കളിക്കുന്ന സഞ്ജുവിനെ ടീമിലെടുത്ത് ഇന്ത്യയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Sanju Samson record with spin bowling; closer to Indian test cricket team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us