ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. പിന്നാലെ തന്റെ കരിയറിൽ നിർണായക മാറ്റമുണ്ടായതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ താരം. സൂര്യകുമാർ യാദവിനെപോലൊരു ക്യാപ്റ്റനും ഗൗതം ഗംഭീറിനെയും വി വി എസ് ലക്ഷ്മണിനെയും പോലുള്ള പരിശീലകരുമുണ്ടെങ്കിൽ ഏത് തകർച്ചയിൽ നിന്നും കരകയറാമെന്ന് സഞ്ജു മത്സരശേഷം പ്രതികരിച്ചു.
'ഒരാളുടെ പരാജയങ്ങളിൽ അയാളുമായി ആശയവിനിമയം നടത്തുന്നത് വളരെ പ്രധാനമാണ്. മോശം സാഹചര്യങ്ങളിലൂടെ എല്ലാവരും പോകുമെന്ന് അറിയാം. അത്തരം സാഹചര്യങ്ങളിൽ താരങ്ങൾ ടീമിന് പുറത്താകും. ശ്രീലങ്കയിൽ തുടർച്ചയായ രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോൾ ഗംഭീറും സൂര്യയും എന്നെ നിരന്തരം ഫോണിൽ വിളിച്ചു. എങ്ങനെയാണ് പരിശീലനം നടത്തേണ്ടതെന്ന് പറഞ്ഞുതന്നു. കേരളത്തിൽ മികച്ച സ്പിന്നർമാരെ കണ്ടെത്തുക. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പരിശീലനം നടത്തണം. ടീമിന്റെ ക്യാപ്റ്റനും പരിശീലകനും എന്നിൽ ഇത്രയധികം വിശ്വാസം അർപ്പിച്ചപ്പോൾ എന്റെ ആത്മവിശ്വാസം വർധിച്ചു.' സഞ്ജു സാംസൺ പറഞ്ഞു.
'ദുലീപ് ട്രോഫിയിൽ രണ്ടാമത്തെ മത്സരം കളിക്കുമ്പോൾ സൂര്യകുമാർ യാദവ് എന്റെ എതിർ ടീമിലാണ് കളിച്ചത്. ചേട്ടാ, അടുത്ത ഏഴ് മത്സരങ്ങളിൽ ഓപണിങ് ബാറ്ററായി നീ കളിക്കും. എന്ത് സംഭവിച്ചാലും എന്റെ പിന്തുണ നിണക്കുണ്ടാകും.' സഞ്ജു സാംസൺ മത്സരത്തിന് ശേഷം ജിയോ സിനിമയോട് പ്രതികരിച്ചു.
'ദുലീപ് ട്രോഫിയിലെ മത്സരത്തിന് ശേഷമാണ് എനിക്ക് കൂടുതൽ വ്യക്തത ലഭിച്ചത്. ഏഴ് മത്സരങ്ങൾ വരുന്നുണ്ടെന്നും മികച്ച പ്രകടനം നടത്താനുള്ള അവസരമാണ് ഇതെന്നും ഞാൻ മനസിലാക്കി. ക്യാപ്റ്റനിൽ നിന്നുള്ള വാക്കുകൾ കൂടുതൽ ആത്മവിശ്വാസം പകർന്നു. കൂടുതൽ കാര്യങ്ങൾ ചിന്തിച്ചില്ല. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.' സഞ്ജു വ്യക്തമാക്കി.
Content Highlights: Sanju Samson reveals reason behind his career turning point