ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു സാംസൺ നടത്തിയ വെടിക്കെട്ട് സെഞ്ച്വറിയിൽ താരത്തെ വാനോളം പ്രശംസിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. സഞ്ജുവിന്റെ ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് അദ്ദേഹം ഇപ്പോൾ കൊയ്യുന്നതെന്നും ക്യാപ്റ്റനെന്ന നിലയിലും കൂട്ടുകാരൻ എന്ന നിലയിലും താൻ ഇത് ഏറെ ആസ്വദിക്കുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. 'കഴിഞ്ഞ പത്ത് വർഷമായി അയാൾ നിരന്തരം കഠിനാധ്വാനം ചെയ്യുന്നു, അതിനിടയിൽ വിരസമായ ഓരോ ജോലികൾ ചെയ്യേണ്ടി വന്നു, ആ കഷ്ടപ്പാടുകളുടെ ഫലം അയാൾ ഇന്ന് അനുഭവിക്കുകയാണ്', സൂര്യ പറഞ്ഞു.
A hundred off just 47 balls 💯
— ICC (@ICC) November 8, 2024
Sanju Samson becomes the first Indian batter to make back-to-back T20I tons 🌟#SAvIND 📝: https://t.co/jWrbpilVUL pic.twitter.com/PIXnG2brq8
അവന്റെ ക്യാരക്റ്റർ എടുത്ത് പറയുക തന്നെ വേണം. 90 കളിൽ നിന്നപ്പോഴും ടീമിന്റെ ലക്ഷ്യമായിരുന്നു പ്രധാനം. ആ സമയത്തും അയാൾ ബൗണ്ടറികൾ തിരയുകയായിരുന്നു. ഇത്തരം താരങ്ങളെയാണ് ഇന്ത്യൻ ക്രിക്കറ്റിനാവശ്യം, ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. നേരത്തെ സഞ്ജുവിന്റെ പ്രകടനത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ എയ്ഡൻ മാർക്രവും രംഗത്തെത്തിയിരുന്നു. സഞ്ജുവെന്ന ഒറ്റ ഫാക്ടർ മാത്രമാണ് കളിയിൽ നിന്ന് പ്രോട്ടീസുക്കാരെ അകറ്റിയതെന്നും സഞ്ജു ഇങ്ങനെ കളിക്കുമ്പോൾ തടയുക പ്രയാസമാണെന്നും മാർക്രം പറഞ്ഞു. 'സഞ്ജു ഞങ്ങളുടെ ബൗളർമാരെ സമ്മർദ്ദത്തിലാക്കി, ഏത് പന്തിനും സഞ്ജുവിന്റെ കയ്യിൽ മറുപടിയുണ്ടായിരുന്നു, അവനെ നേരിടാൻ പ്രത്യേക പദ്ധതികൾ ആവശ്യമാണ്. വരും മത്സരങ്ങളിൽ അതിന് തയ്യാറാകും, മാർക്രം പറഞ്ഞു.
Good start 🔥 pic.twitter.com/0y0o4eAgwK
— Surya Kumar Yadav (@surya_14kumar) November 8, 2024
അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഇതാദ്യമാണ് ഒരു ഇന്ത്യൻ താരം ടി20 യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കുന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും താരം നേടി.
സഞ്ജു സാംസൺ ഒറ്റയ്ക്ക് നയിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഇന്ത്യ 61 റൺസിന്റെ ജയം നേടുകയും ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. രവി ബിഷ്‌ണോയിയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം നേടി. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടി. 25 റൺസെടുത്ത ക്ലാസൻ, 23 റൺസെടുത്ത കോട്ട്സി , 21 റൺസെടുത്ത റയാൻ എന്നിവരാണ് പ്രോട്ടീസ് നിരയിൽ തിളങ്ങിയത്. സഞ്ജുവിനെ കൂടാതെ തിലക് വർമ (33),സൂര്യകുമാർ യാദവ് (21) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു .മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുത്തത്. എന്നാൽ പ്രോട്ടീസ് ക്യാപ്റ്റൻ മാർക്രത്തിന്റെ ഈ പ്രതീക്ഷളെ കീറി കളയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.
Content Highlights: Indian captian Surya Kumar yadav on Sanju samson