തിലക് വർമയെ ഒറ്റ കൈയ്യിൽ പിടികൂടി മില്ലർ; ഇന്ത്യയെ ഒതുക്കി ദക്ഷിണാഫ്രിക്കൻ ബൗളിങ്

ഹാർദിക് പാണ്ഡ്യ പുറത്താകാതെ 39 റൺസെടുത്തെങ്കിലും 45 പന്തുകൾ നേരിട്ടു.

dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ. മത്സരത്തിൽ ​ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. പോർട്ട് എലിസബത്തിലെ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്ക മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തതോടെയാണ് ഇന്ത്യ കുറഞ്ഞ സ്കോറിലേക്ക് ഒതുങ്ങിയത്.

ആദ്യ ഓവറിൽ സഞ്ജു സാംസണിന്റെ വിക്കറ്റോടെയാണ് ഇന്ത്യയ്ക്ക് തകർച്ച തുടങ്ങിയത്. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് പിന്നാലെയാണ് മലയാളി താരം പൂജ്യത്തിന് പുറത്തായത്. നേരിട്ട മൂന്നാം പന്തിൽ മാർകോ ജാൻസൻ സ‍ഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. അഭിഷേക് ശർമ ഇത്തവണയും നിരാശപ്പെടുത്തി. അഞ്ച് പന്തിൽ നാല് റൺസുമായി അഭിഷേക് മടങ്ങി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റേതായിരുന്നു അടുത്ത ഊഴം. നാല് റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റന് നേടാനായത്. നന്നായി കളിച്ചുവന്ന തിലക് വർമ 20 റൺസെടുത്തും അക്സർ പട്ടേൽ 27 റൺസെടുത്തും പുറത്തായി. കേശവ് മഹാരാജിന്റെ പന്തിൽ സ്ക്വയർ ലെ​ഗിൽ ഒറ്റകൈകൊണ്ട് ക്യാച്ചെടുത്ത് ഡേവിഡ‍് മില്ലറാണ് തിലക് വർമയുടെ പുറത്താകലിന് കാരണമായത്.

പവറാകുമെന്ന് കരുതിയ റിങ്കു സിങ് ഒമ്പത് റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ പുറത്താകാതെ 39 റൺസെടുത്തെങ്കിലും 45 പന്തുകൾ നേരിട്ടു. ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസൻ, ജെറാൾഡ് കോട്സീ, ആൻഡിലെ സിമലാനെ, എയ്ഡൻ മാക്രം, എന്‍കബയോംസി പീറ്റര്‍ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

Content Highlights: India restricted to 124 by South Africa

dot image
To advertise here,contact us
dot image