ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസന് ഹാട്രിക്. കുശൽ പെരേര, കാമിൻഡു മെൻഡിസ്, ചരിത് അസലങ്ക എന്നിവരായിരുന്നു ഫെർഗൂസന്റെ ഇരകൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 19.3 ഓവറിൽ 108 റൺസിൽ എല്ലാവരും പുറത്തായി. 30 റൺസെടുത്ത വിൽ യങ്ങും 24 റൺസെടുത്ത ജോഷ് ക്ലാർക്സണുമാണ് ന്യൂസിലാൻഡ് നിരയിലെ മുൻനിര സ്കോറർമാർ. ക്യാപ്റ്റൻ മിച്ചൽ സാന്റനർ 19 റൺസെടുത്തു. മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ശ്രീലങ്കയ്ക്കായി വനീന്ദു ഹസരങ്ക നാലും മതീഷ പതിരാന മൂന്നും വിക്കറ്റെടുത്തു.
ശ്രീലങ്ക മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് ലോക്കി ഫെർഗൂസന് തന്റെ ബൗളിങ് മികവ് പുറത്തെടുത്തത്. ആറാമത്തെ ഓവറിലെ അവസാന പന്തിലാണ് ഫെർഗൂസൻ ആദ്യ വിക്കറ്റെടുത്തത്. കുശൽ പെരേരയെ വിക്കറ്റ് കീപ്പർ മിച്ചൽ ഹെയുടെ കൈകളിൽ എത്തിച്ച് ഫെർഗൂസൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ എട്ടാം ഓവറിലെ ആദ്യ പന്തിൽ കാമിൻഡു മെൻഡിസിനെ വിക്കറ്റിന് മുന്നിൽ കുരുക്കി. രണ്ടാം പന്തിൽ ചരിത് അസലങ്കയെയും മിച്ചൽ ഹെയുടെ കൈകളിൽ എത്തിച്ചാണ് ഫെർഗൂസൻ തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. രണ്ട് ഓവറിൽ ഏഴ് റൺസ് വിട്ടുകൊടുത്താണ് ഫെർഗൂസൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
19.5 ഓവറിൽ ശ്രീലങ്ക 103 റൺസിൽ ഓൾ ഔട്ടായി. മത്സരത്തിൽ അഞ്ച് റൺസിന്റെ ആവേശ വിജയം നേടാനും ന്യൂസിലാൻഡിന് കഴിഞ്ഞു. ഫെർഗൂസനെ കൂടാതെ മൂന്ന് വിക്കറ്റെടുത്ത ഗ്ലെൻ ഫിലിപ്സ് ആണ് കിവീസ് ബൗളർമാരിൽ തിളങ്ങിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇരുടീമുകളും ഓരോ വിജയങ്ങൾ നേടി സമനിലയിൽ അവസാനിച്ചു.
Content Highlights: Lockie Ferguson picks hattrick, NZ defeated SL in thriller contest