ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് പകരക്കാരനാകാൻ മൂന്ന് താരങ്ങൾ. ഭാര്യയുടെ പ്രസവത്തെ തുടർന്ന് രോഹിത് ശർമ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സ്ഥാനത്തേയ്ക്കാണ് ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ തുടങ്ങിയ താരങ്ങൾ മത്സരിക്കുന്നത്.
സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യശസ്വി ജയ്സ്വാൾ ഓപണറുടെ റോളിൽ തുടരുവാനാണ് സാധ്യത. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ചതുമുതൽ രോഹിത് ശർമയ്ക്കൊപ്പം യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓപണറുടെ റോളിൽ തുടരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഓപണറുടെ റോളിൽ മുമ്പ് കളിച്ചിട്ടുള്ളതാണ് രാഹുലിനും ഗില്ലിനും ഗുണം ചെയ്യുക. എന്നാൽ ഓസ്ട്രേലിയ എയ്ക്കെതിരെ മോശം പ്രകടനം നടത്തിയത് കെ എൽ രാഹുലിന് തിരിച്ചടി നൽകും. അങ്ങനെയെങ്കിൽ നിലവിൽ മൂന്നാം നമ്പറിലുള്ള ശുഭ്മൻ ഗിൽ ഓപണറുടെ സ്ഥാനത്തേയ്ക്ക് എത്തിയേക്കും.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‍ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രൻ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടൺ സുന്ദര്‍.
Content Highlights: Top 3 Picks To Replace Rohit In Perth Test