വിജയത്തിലെത്തി ദക്ഷിണാഫ്രിക്കൻ സ്റ്റബ്സ്; രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തോൽവി

റയാൻ റിക്ലത്തോണും റീസ ഹെൻഡ്രിക്സും ചേർന്ന ആദ്യ വിക്കറ്റിൽ 22 റൺസ് പിറന്നു.

dot image

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് വിജയം. മത്സരഫലം പലതവണ മാറിമറിഞ്ഞ മത്സരത്തിൽ ആറ് പന്ത് ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കൻ വിജയം. സ്പിന്നർ വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബൗളിങ്ങിൽ ഒരുഘട്ടത്തിൽ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പുറത്താകാതെ 41 പന്തിൽ 47 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. സ്കോർ ഇന്ത്യ 124/6 (20), ദക്ഷിണാഫ്രിക്ക 128/7 (19).

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറിൽ തന്നെ സഞ്ജു സാംസണെ നഷ്ടപ്പെട്ട ഇന്ത്യ പിന്നീട് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് പിന്നാലെയാണ് മലയാളി താരം പൂജ്യത്തിന് പുറത്തായത്. നേരിട്ട മൂന്നാം പന്തിൽ മാർകോ ജാൻസൻ സ‍ഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. അഭിഷേക് ശർമ ഇത്തവണയും നിരാശപ്പെടുത്തി. അഞ്ച് പന്തിൽ നാല് റൺസുമായി അഭിഷേക് മടങ്ങി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റേതായിരുന്നു അടുത്ത ഊഴം. നാല് റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റന് നേടാനായത്. നന്നായി കളിച്ചുവന്ന തിലക് വർമ 20 റൺസെടുത്തും അക്സർ പട്ടേൽ 27 റൺസെടുത്തും പുറത്തായി. കേശവ് മഹാരാജിന്റെ പന്തിൽ സ്ക്വയർ ലെ​ഗിൽ ഒറ്റകൈകൊണ്ട് ക്യാച്ചെടുത്ത് ഡേവിഡ‍് മില്ലറാണ് തിലക് വർമയുടെ പുറത്താകലിന് കാരണമായത്.

പവറാകുമെന്ന് കരുതിയ റിങ്കു സിങ് ഒമ്പത് റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ പുറത്താകാതെ 39 റൺസെടുത്തെങ്കിലും 45 പന്തുകൾ നേരിട്ടു. ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസൻ, ജെറാൾഡ് കോട്സീ, ആൻഡിലെ സിമലാനെ, എയ്ഡൻ മാക്രം, എന്‍കബയോംസി പീറ്റര്‍ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. റയാൻ റിക്ലത്തോണും റീസ ഹെൻഡ്രിക്സും ചേർന്ന ആദ്യ വിക്കറ്റിൽ 22 റൺസ് പിറന്നു. 13 റൺസെടുത്ത റിക്ലത്തോണെ പുറത്താക്കി അർഷ്ദീപ് സിങ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെയാണ് വരുൺ ചക്രവർത്തി തന്റെ മിസ്റ്ററി സ്പിന്നുമായി പ്രോട്ടീസിനെതിരെ ആഞ്ഞടിച്ചത്.

നാല് ഓവറിൽ 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വരുൺ നേടി. റീസ ഹെൻഡ്രിക്സ് 24, എയ്ഡൻ മാക്രം മൂന്ന്, മാർകോ ജാൻസൻ ഏഴ്, ഹെൻ‍റിച്ച് ക്ലാസൻ രണ്ട്, ഡേവിഡ് മില്ലർ പൂജ്യം എന്നിവരെ വരുൺ പുറത്താക്കി. ഏഴ് റൺസെടുത്ത ആൻഡിലെ സിമലാനെയെ പുറത്താക്കി രവി ബിഷ്ണോയും ദക്ഷിണാഫ്രിക്കയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ജെറാൾഡ് കോട്സീയുടെയും പ്രകടനമികവിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. 41 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പടെ 47 റൺസെടുത്ത സ്റ്റബ്സ് പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്ത ജെറാൾഡ് കോർട്സീ സ്റ്റബ്സിന് ശക്തമായ പിന്തുണ നൽകി. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.

Content Highlights: Varun Chakaravarthy's 5-For In Vain As SA Beat India By 3 Wickets

dot image
To advertise here,contact us
dot image