അക്സറിനെ എന്തിന് ഒരോവറിൽ നിർത്തി; സൂര്യയ്ക്കെതിരെ ആരാധകരോഷം

ഒരു ഘട്ടത്തിൽ ഏഴിന് 86 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക

dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെതിരെ വിമർശനവുമായി ആരാധകർ. സ്പിന്നർ അക്സർ പട്ടേലിന് ഒരോവർ മാത്രമാണ് സൂര്യ പന്ത് നൽകിയത്. വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടും രവി ബിഷ്ണോയ് മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും ടീമിലുണ്ടായിരുന്ന മൂന്നാം സ്പിന്നറെ എന്തുകൊണ്ടാണ് സൂര്യകുമാർ ഉപയോ​ഗിക്കാതിരുന്നതെന്നാണ് ആരാധകരുടെ ചോദ്യം. പേസ് ബൗളിങ്ങിനെ നന്നായി നേരിടുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ അവസാന നിമിഷം ഇന്ത്യയുടെ കൈയ്യിൽ നിന്നും മത്സരം തട്ടിയെടുക്കുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രമാണ് നേടാനായത്. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. നാല് ഓവറിൽ 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകിയത്. റീസ ഹെൻഡ്രിക്സ് 24, എയ്ഡൻ മാക്രം മൂന്ന്, മാർകോ ജാൻസൻ ഏഴ്, ഹെൻ‍റിച്ച് ക്ലാസൻ രണ്ട്, ഡേവിഡ് മില്ലർ പൂജ്യം എന്നിവരെ വരുൺ പുറത്താക്കി. ഏഴ് റൺസെടുത്ത ആൻഡിലെ സിമലാനെയെ പുറത്താക്കി രവി ബിഷ്ണോയും ദക്ഷിണാഫ്രിക്കയെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

ഒരു ഘട്ടത്തിൽ ഏഴിന് 86 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ജെറാൾഡ് കോട്സീയുടെയും പ്രകടനമികവിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. 41 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പടെ 47 റൺസെടുത്ത സ്റ്റബ്സ് പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്ത ജെറാൾഡ് കോർട്സീ സ്റ്റബ്സിന് ശക്തമായ പിന്തുണ നൽകി. പേസർമാർക്ക് അവസാന ഓവറുകളിൽ മികവ് പുലർത്താൻ കഴിയാതെ പോയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം. ഒരോവറിൽ രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത അക്സറിന് കൂടുതൽ ഓവറുകൾ നൽകാമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.

Content Highlights: Fans furious on Surya's decision to give one over to Axar

dot image
To advertise here,contact us
dot image