അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്ന് അറിയിച്ചതിന് പിന്നാലെ ഐസിസി ടൂര്‍ണമെന്റിന്റെ വേദിമാറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ട്വന്റി20 ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവിന്റെ വീഡിയോ വൈറലാവുകയാണ്.
പാകിസ്താനിലേക്ക് പോകുന്നില്ലെന്ന ഇന്ത്യയുടെ നിലപാടിന് പിന്നിലെ കാരണം സൂര്യകുമാറിനോട് ഒരു ആരാധകന്‍ ചോദിക്കുന്നതാണ് വീഡിയോ. ടി20 പരമ്പരയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്കയിലാണ് ക്യാപ്റ്റന്‍ സൂര്യയും സംഘവും. ഇതിനിടെ ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന സൂര്യയ്ക്കും റിങ്കു സിങ്ങിനും ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവന്നത്.
'എന്തുകൊണ്ടാണ് നിങ്ങള്‍ പാകിസ്താനിലേക്ക് വരാത്തതെന്ന് എന്നോട് പറയൂ', പോസ് ചെയ്തതിന് ശേഷം സൂര്യയോട് ആരാധകന്‍ ചോദിച്ചു. അതൊന്നും നമ്മുടെ കൈയിലുള്ള കാര്യമല്ലെന്നായിരുന്നു സൂര്യയുടെ മറുപടി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Pakistan Fans asking India's T20I Captain @surya_14kumar - Why won't he come to Pakistan ?
— alekhaNikun (@nikun28) November 11, 2024
Answer--He won't be selected.
How will he go to Pakistan ?#ChampionsTrophy2025 pic.twitter.com/BgPlCcbROy
അതേസമയം 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ചാംപ്യന്‍സ് ട്രോഫി മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ ഐസിസി ആലോചിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാകാത്തതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് പൂര്‍ണമായും മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. ഇത്തരമൊരു തീരുമാനം എടുത്താല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനാണ് പാകിസ്താന്‍ ക്രിക്കറ്റിന്റെ നീക്കം. പാകിസ്താന്‍ മാധ്യമമായ 'ഡോൺ' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് എത്തില്ലെന്ന് ബിസിസിഐ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചത്. പിന്നാലെ ഐസിസി ഇക്കാര്യം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും അറിയിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായി മറ്റൊരു വേദിയിലും ബാക്കി ടൂർണമെന്റ് പാകിസ്താനിലും നടത്തുന്ന ഹൈബ്രിഡ് മോഡലിനോട് പിസിബി എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ടൂർണമെന്റ് പൂർണമായും പാകിസ്താനിൽ നിന്നും മാറ്റുന്നതിൽ ആലോചന നടക്കുന്നത്.
2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങൾക്കും ഇടയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിന് കാരണം. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനും ന്യൂസിലാൻഡും ബംഗാദേശും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തിയാൽ ഇന്ത്യയുടെ മത്സരങ്ങൾക്കായി നിഷ്പക്ഷ വേദിയിലേക്ക് പാകിസ്താന് സഞ്ചരിക്കേണ്ടി വരും.
Content Highlights: A fan asked Suryakumar Yadav about the India's refusal to travel to Pakistan for Champions Trophy, Reply Goes Viral