അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ താരം സഞ്ജു സാംസണെ പ്രശംസിച്ച് പരിശീലകൻ ഗൗതം ഗംഭീർ. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗംഭീറിന്റെ പ്രതികരണം. 'സഞ്ജുവിന്റെ മികവിനായി ഞാൻ ഒന്നും ചെയ്തിട്ടില്ല. ഇത് അയാളുടെ കഴിവാണ്. ബാറ്റിങ്ങിനായി കൃത്യമായ ഒരു സ്ഥാനവും മികച്ച പ്രകടനത്തിനായി പിന്തുണയും മാത്രമാണ് ഞാൻ നൽകിയത്. പ്രധാനമായും സഞ്ജുവിന്റെ കഠിനാദ്ധ്വാനമാണ് അയാളുടെ നേട്ടങ്ങൾക്ക് കാരണം. ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജുവിന്റെ നേട്ടങ്ങളുടെ തുടക്കം മാത്രമാണിത്. ഒരിക്കലും ഇത് അവസാനമല്ല. തീർച്ചയായും സഞ്ജുവിന് ഏറെ മുന്നോട്ട് പോകാൻ കഴിയും.' ഗംഭീർ പ്രതികരിച്ചു.
'എന്നെ സംബന്ധിച്ചടത്തോളം ഇന്ത്യൻ ടീമിലേക്ക് മികച്ച യുവതാരങ്ങൾ വരുന്നുവെന്നത് സന്തോഷകരമാണ്. അത് എപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന് ഗുണകരമാണ്.' ഗംഭീർ വ്യക്തമാക്കി.
അതിനിടെ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ കടുത്ത പരീക്ഷണം നേരിടുകയാണ്. ശ്രീലങ്കയിൽ ഏകദിന പരമ്പരയും ഇന്ത്യയിൽ ന്യൂസിലാൻഡിനെതിരെ ടെസ്റ്റ് പരമ്പരയും നഷ്ടപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ഗംഭീർ. ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ടോഫ്രിയിലും പരാജയപ്പെട്ടാൽ ഇന്ത്യൻ ടീമിൽ ഗംഭീറിന്റെ പരിശീലന സ്ഥാനം പ്രതിസന്ധിയിലാകും.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.
Content Highlights: Gautam Gambhir's Blunt Reply To Reporter On Sanju Samson Query