ഐപിഎൽ 2025 സീസണിനുള്ള ടീമിന്റെ ബൗളിങ് പരിശീലകനായി മുൻ ഇന്ത്യൻ പേസർ മുനാഫ് പട്ടേലിനെ നിയമിച്ച് ഡൽഹി ക്യാപിറ്റൽസ്. 2018 ൽ മത്സര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുനാഫ് പട്ടേലിന്റെ പരിശീലക കുപ്പായത്തിലെ ആദ്യ റോൾ കൂടിയായിരിക്കും ഇത്. ഡൽഹി ക്യാപിറ്റൽസ് നേരത്തെ ഹേമാംഗ് ബദാനിയെ മുഖ്യപരിശീലകനായും വേണുഗോപാൽ റാവുവിനെ ടീം ഡയറക്ടറായും നിയമിച്ചിരുന്നു. റിക്കി പോണ്ടിങിനൊപ്പം ക്ലബ് വിട്ട മുൻ ബൗളിങ് പരിശീലകൻ ജെയിംസ് ഹോപ്‌സിന് പകരമായാണ് മുനാഫ് പട്ടേൽ എത്തുന്നത്.
Old-school grit 🤝 Winning mindset
— Delhi Capitals (@DelhiCapitals) November 12, 2024
Welcome to DC, legend 🥹💙 pic.twitter.com/d62DSCcqNR
ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും കൂടി 86 മത്സരങ്ങളിൽ കളിച്ച താരം 125 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2011-ൽ ഇന്ത്യയുടെ ലോകകപ്പ് നേടിയ ടീമിൻ്റെ ഭാഗമായിരുന്നു. കൂടാതെ 2008 ൽ രാജസ്ഥാൻ റോയൽസിനൊപ്പവും 2013ൽ മുംബൈ ഇന്ത്യൻസിനൊപ്പവും ഐപിഎൽ കിരീടം നേടി.
അതേ സമയം അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, അഭിഷേക് പോറെൽ എന്നീ നാല് താരങ്ങളെയാണ് ഡൽഹി അടുത്ത സീസണിലേക്ക് നിലനിർത്തിയിട്ടുള്ളത്. നവംബർ 24, 25 തീയതികളിൽ ജിദ്ദയിൽ നടക്കുന്ന മെഗാ ലേലത്തിൽ ഡൽഹിക്ക് 73 കോടി രൂപ കൂടിയാണ് ചിലവഴിക്കാൻ ബാക്കിയുള്ളത്.
Content Highlights: IPL 2025: Munaf Patel joins Delhi Capitals as bowling coach