ഓസ്ട്രേലിയയിൽ ചരിത്ര വിജയം സ്വന്തമാക്കിയിട്ടും പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകൻ ജേസൻ ഗില്ലസ്പിയ്ക്ക് അതൃപ്തി. ഓസ്ട്രേലിയയിൽ പാകിസ്താൻ കളിച്ച ഏകദിന പരമ്പരയ്ക്ക് വേണ്ടത്ര പ്രചാരണം ലഭിച്ചില്ലെന്ന് ഓസീസ് മുൻ താരം കൂടിയായ ഗില്ലസ്പിയുടെ പരാതി. ഇന്ത്യയ്ക്കെതിരെ ഈ മാസം ഒടുവിൽ തുടങ്ങുന്ന ബോർഡർ-ഗാവസ്കർ ട്രോഫിക്ക് അമിത പരിഗണന ലഭിക്കുന്നതായും പാകിസ്താൻ പരിശീലകൻ കുറ്റപ്പെടുത്തി.
ഫോക്സ് സ്പോർട്സിന്റെ ഭാഗത്ത് നിന്നും പാകിസ്താൻ-ഓസ്ട്രേലിയ പരമ്പരയ്ക്ക് മികച്ച പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്നുണ്ടായത് പ്രകോപനപരമായ സമീപനമാണ്. ബോർഡർ-ഗാവസ്കർ ട്രോഫിക്ക് മുമ്പ് പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്ക് ഉചിതമായ സമയമായിരുന്നില്ല. പരസ്യങ്ങൾക്ക് പരിമിതികൾ ഉണ്ടാവും. എന്നാൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇന്ത്യയ്ക്കെതിരായ പരമ്പര മാത്രമാണ് പരിഗണിച്ചത്. സിഡ്നി മോർണിങ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ ഗില്ലസ്പി പ്രതികരിച്ചു.
അതിനിടെ ചരിത്ര നേട്ടമാണ് പാകിസ്താൻ ക്രിക്കറ്റ് ഓസ്ട്രേലിയയിൽ സ്വന്തമാക്കിയത്. 22 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം പാകിസ്താൻ ടീം ഓസ്ട്രേലിയയിൽ ഏകദിന പരമ്പര സ്വന്തമാക്കി. 2002ൽ വഖാർ യൂനിസിന്റെ സംഘം റിക്കി പോണ്ടിങ്ങിന്റെ ടീമിനെ തോൽപ്പിച്ചാണ് ഒടുവിൽ പാകിസ്താൻ ഓസ്ട്രേലിയയിൽ പരമ്പര നേടിയത്. ഈ മാസം നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-1നാണ് പാകിസ്താൻ വിജയിച്ചത്.
Content Highlights: Pakistan Coach Unhappy Despite ODI Series Win vs Australia