രഞ്ജിയില്‍ അരുണാചലിനെ തകര്‍ത്തെറിഞ്ഞ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; ഫസ്റ്റ് ക്ലാസ്സിൽ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം

അരുണാചല്‍ പ്രദേശ് ബാറ്റിങ് നിരയെ തകര്‍ത്തെറിയുന്നതില്‍ നിര്‍ണായക പങ്കാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വഹിച്ചത്.

dot image

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് രഞ്ജി ട്രോഫിയിൽ അഞ്ചുവിക്കറ്റ് നേട്ടം. ഗോവയ്ക്ക് വേണ്ടി കളിക്കുന്ന യുവ പേസര്‍ അരുണാചല്‍ പ്രദേശിനെതിരെയുള്ള മത്സരത്തിലാണ് അഞ്ചുവിക്കറ്റ് നേട്ടം നേടിയത്. ഒമ്പത് ഓവര്‍ പന്തെറിഞ്ഞ ഇടങ്കയ്യന്‍ പേസര്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് മെയ്ഡന്‍ ഓവറുകളും ഉള്‍പ്പെടുന്നു.

17-ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ നേട്ടം. അരുണാചല്‍ പ്രദേശ് ബാറ്റിങ് നിരയെ തകര്‍ത്തെറിയുന്നതില്‍ നിര്‍ണായക പങ്കാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വഹിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍ 30.3 ഓവറില്‍ 84 റൺസെടുത്ത് പുറത്തായി. 25 പന്തില്‍ 25 റണ്‍സെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ നബാം അബോയാണ് അരുണാചല്‍ പ്രദേശിന്റെ ടോപ് സ്‌കോറര്‍. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ നബാം ഹചാങ്ങിനെ പൂജ്യത്തില്‍ ബോള്‍ഡാക്കിയാണ് അര്‍ജുന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

12-ാം ഓവറിലെ രണ്ടും മൂന്നും പന്തുകളില്‍ ഓപ്പണര്‍ ഒബി , ജയ് ഭവ്‌സര്‍ എന്നിവരെയും അര്‍ജുന്‍ വീഴ്ത്തിയതോടെ അരുണാചല്‍ പ്രതിരോധത്തിലായി. പിന്നീട് ചിന്‍മയ്, ജയന്ത പാട്ടില്‍, മൊജി എന്നിവരും അര്‍ജുന് മുന്നില്‍ വീണു.

ആഭ്യന്തര ക്രിക്കറ്റില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് മുംബൈ താരമായിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവയിലേക്കു മാറിയത്. തുടര്‍ച്ചയായി തിളങ്ങിയതോടെ ഗോവയുടെ വിശ്വസ്തനായ ബൗളറായി മാറാന്‍ അര്‍ജുന് സാധിച്ചു. അരുണാചല്‍ പ്രദേശിനെതിരെയുള്ള മത്സരത്തിന് മുമ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അര്‍ജുന്‍ 32 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 49 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് നേടിയതാണ് ഇതിന് മുമ്പത്തെ ഏറ്റവും മികച്ച നേട്ടം.

Content Highlights: Arjun tendulkar five wicket haul in Ranji trophy

dot image
To advertise here,contact us
dot image