രോഹനും അക്ഷയ്‌ക്കും അർധ സെഞ്ച്വറി; ഹരിയാനക്കെതിരായ രഞ്ജിയിൽ കേരളത്തിന് മികച്ച തുടക്കം

ആദ്യം ബാറ്റ് ചെയ്ത കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്.

dot image

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെയുള്ള നിർണായകപ്പോരിൽ കേരളത്തിന് മികച്ച തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്. 51 റണ്‍സോടെ അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി ക്യാപ്റ്റൻ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. 55 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന്‍റെയും പൂജ്യം റൺസെടുത്ത ബാബാ അപരാജിതിന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മഴ ഭീഷണി മൂലം ആദ്യ ദിനത്തിലെ ആദ്യ സെഷൻ പൂര്‍ണമായും തടസപ്പെട്ടിരുന്നു.

ഹരിയാനയുടെ ഹോം ഗ്രൗണ്ടായ ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആതിഥേയർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സന്ദർശകർക്കാവട്ടെ ബാബ അപരാജിതിന്‍റെ വിക്കറ്റ് എളുപ്പത്തിൽ നഷ്ടമായി. അന്‍ഷൂല്‍ കാംബോജിന്‍റെ പന്തില്‍ കപില്‍ ഹൂഡയ്ക്ക് ക്യാച്ച് നല്‍കിയാണ് അപരാജിത് മടങ്ങിയത്. എന്നാൽ ശേഷമെത്തിയ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ കേരളത്തെ 91 റണ്‍സിലെത്തിച്ചു. 34-ാം ഓവറിൽ 55 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ അന്‍ഷുല്‍ കാംബോജ് തന്നെ പുറത്താക്കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അക്ഷയ് ചന്ദ്രന് മികച്ച കൂട്ടായതോടെ കേരളം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ ദിനം 138ല്‍ പൂർത്തിയാക്കി.

കേരളത്തിന്റെയും ഹരിയാനയുടെയും അഞ്ചാം മത്സരമാണിത്. ഇരുടീമിനും നാലു കളിയിൽ രണ്ടുവീതം ജയവും സമനിലയുമുണ്ട്‌. എലൈറ്റ്‌ ഗ്രൂപ്പ്‌ സിയിൽ 19 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്‌. 15 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. ഹരിയാനയെ പരാജയപ്പെടുത്തിയാല്‍ കേരളത്തിന് ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനത്തെത്താം.

Content Highlights: Ranji trophy; Kerala vs haryana

dot image
To advertise here,contact us
dot image