ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻ്റി 20യിലും പൂജ്യത്തിന് പുറത്തായി സഞ്ജു സാംസൺ. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് പിന്നാലെയാണ് മലയാളി താരം തുടർച്ചയായ രണ്ട് തവണ പൂജ്യത്തിന് പുറത്തായത്. നേരിട്ട രണ്ടാം പന്തിൽ മാർകോ ജാൻസൻ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. കഴിഞ്ഞ മത്സരത്തിൽ നേരിട്ട മൂന്നാം പന്തിൽ മാർകോ ജാൻസൻ തന്നെയായിരുന്നു സഞ്ജുവിനെ പുറത്താക്കിയിരുന്നത്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്‌ഡൻ മാർക്രം ആദ്യം ഫീൽഡ് തിരഞ്ഞെടുക്കുകയായിരുന്നു . നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നിലവില്‍ 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം 61 റണ്‍സിന് ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മൂന്ന് വിക്കറ്റിന് പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
മൂന്നാം മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് പരമ്പരയില്‍ തിരിച്ചെത്താനാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ ഇന്ന് സെഞ്ചൂറിയനില്‍ ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ ബാറ്റര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കഴിയാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. പ്രധാന ബാറ്റര്‍മാരില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം വിജയം തുടര്‍ന്ന് പരമ്പരയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. രണ്ടാം പോരാട്ടത്തില്‍ ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സാധിച്ചെങ്കിലും മുന്‍നിര ബാറ്റര്‍മാര്‍ക്ക് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.
Content Highlights: Sanju samson duck vs southafrica