അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ താരം സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഓപണറായി സഞ്ജു സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞെന്നാണ് ഡികെ പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ മലയാളി താരം അടിച്ചെടുത്ത സെഞ്ച്വറിയെ പ്രശംസിച്ച ഡികെ സഞ്ജു വളരെ സ്‌പെഷ്യലായിട്ടുള്ള താരമാണെന്നും പറഞ്ഞു.
'ഇന്ത്യയുടെ ടി20 ഓപണറായി സഞ്ജു സാംസണ്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു. ഇനി കുറച്ചു കാലത്തേക്ക് സഞ്ജുവും യശസ്വി ജയ്‌സ്വാളുമായിരിക്കും ടി20യില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. ഫോര്‍മാറ്റിന് അനുസരിക്കുന്ന രീതിയില്‍ സാങ്കേതികമായി സഞ്ജു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിക്‌സ് അടിച്ചുകൂട്ടുന്നതില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്', ദിനേശ് കാര്‍ത്തിക് പറഞ്ഞു.
"Sanju Samson has cemented his place as an opener. Sanju and Jaiswal will be the openers for india"
— Anurag™ (@Samsoncentral) November 13, 2024
: Dinesh Karthik
🎥 : Cricbuzz pic.twitter.com/JnabWW82na
'കേശവ് മഹാരാജിനെതിരെ സഞ്ജു മികച്ച ഷോട്ടുകള്‍ പായിച്ചു. ലെങ്ത് കുറഞ്ഞെങ്കിലും ആശങ്കപ്പെടാതെ സാഹചര്യം കൈകാര്യം ചെയ്യാന്‍ സഞ്ജുവിന് സാധിച്ചു. അത് വളരെ കഠിനമായ കാര്യമാണ്. എന്നാല്‍ സഞ്ജു വളരെ നന്നായി തന്നെ ചെയ്തു. അതാണ് സഞ്ജുവിനെ വളരെ സ്‌പെഷ്യലായ താരമാക്കുന്നത്', ഡികെ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും സെഞ്ച്വറി നേടിയതോടെ അപൂര്‍വ നേട്ടമാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. ഇതാദ്യമായാണ്
ഒരു ഇന്ത്യന്‍ താരം ടി20 യില്‍ തുടര്‍ച്ചയായി സെഞ്ച്വറി സ്വന്തമാക്കുന്നത്.
ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെറും 47 പന്തിലാണ് താരം തന്റെ രണ്ടാം സെഞ്ച്വറി നേടിയത്. 107 റണ്‍സ് നേടി സഞ്ജു പുറത്താകുമ്പോള്‍ വെറും 50 പന്തുകളില്‍ നിന്ന് പത്ത് സിക്‌സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറും താരം നേടി. സഞ്ജു സാംസണ്‍ ഒറ്റയ്ക്ക് നയിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന്റെ ജയം നേടുകയും ചെയ്തു.
Content Highlights: Sanju Samson has cemented his place as T20 opener says Dinesh Karthik