ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിക്കാം; രഞ്ജിയിൽ മികവ് തെളിയിച്ച ഷമിക്ക് മുന്നിൽ രണ്ട് നിബന്ധനകളുമായി ബിസിസിഐ

മധ്യപ്രദേശിനെതിരെ നടന്ന മത്സരത്തിൽ താരം നാല് വിക്കറ്റുകൾ നേടിയിരുന്നു

dot image

ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ബിസിസിഐ പ്രഖ്യാപിച്ച പതിനെട്ടംഗ ഇന്ത്യൻ ടീമിൽ പലരും ഇതിനകം തന്നെ ഓസ്‌ട്രേലിയയിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഈ പതിനെട്ടംഗ ടീമിൽ പക്ഷെ ഷമി ഉൾപ്പെട്ടിരുന്നില്ല. പരിക്കിൽ നിന്നും പൂർണ്ണമായി പുറത്ത് വരാൻ താരത്തിന് കഴിഞ്ഞിരുന്നില്ല എന്നതാണ് കാരണം. എന്നാൽ രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി കളത്തിലിറങ്ങി മത്സര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നതോടെ ഷമിക്ക് മുന്നിൽ വാതിൽ തുറന്നിടുകയാണ് ബിസിസിഐ. ഇന്ന് മധ്യപ്രദേശിനെതിരെ നടന്ന മത്സരത്തിൽ താരം നാല് വിക്കറ്റുകൾ നേടിയിരുന്നു.

ഇതോടെ ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാൻ ഓസീസ് പരമ്പര വിജയം അനിവാര്യമായിരിക്കെ ഷമിയെ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്ന നിലപാടിലാണ് പരിശീലകൻ ഗംഭീറും ക്യാപ്റ്റൻ രോഹിതും. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് മത്സരത്തിലെ രണ്ടാം ഇന്നിങ്സിനെ ആശ്രയിച്ചായിരിക്കും ഷമിയെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യം ബിസിസിഐ തീരുമാനിക്കുക. രണ്ടാം ഇന്നിങ്സിന് ശേഷം താരത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതാവും ആദ്യ കടമ്പ. ശരീരത്തിൽ വീക്കമോ വേദനയോ ഉണ്ടോ എന്ന് നോക്കുന്നതാവും രണ്ടാമത്തെ കടമ്പ. ശേഷം പ്രാക്ടീസ് സെഷനുകളിലും പങ്കെടുപ്പിച്ചേക്കും. ഇതെല്ലാം വിജയകരമായി പൂർത്തിയാക്കിയാൽ താരത്തിന് ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിക്കാമെന്നും പിടിഐയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ ടീമില്‍ ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവര്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരാണ്. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി എന്നിവരും റിസര്‍വ് ബൗളര്‍മാരായി ടീമിനൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്ന ഷമി ലോകകപ്പിനുശേഷം കണങ്കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഷമിക്ക് കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതിനിടെ കാല്‍മുട്ടിൽ വേദന അനുഭവപ്പെട്ടതോടെ ഷമിക്ക് ടീം വിശ്രമം അനുവദിച്ചു. ശേഷമാണ് അപ്രതീക്ഷിതമായി താരം ഇപ്പോൾ രഞ്ജി ട്രോഫിയിലെത്തുന്നതും ഇപ്പോൾ ഓസീസ് പരമ്പരയിലേക്കുള്ള തന്റെ സാധ്യത നിലനിർത്തുന്നതും.

Content Highlights: mohammed shami may join boarder gavaskar trophy soon

dot image
To advertise here,contact us
dot image