ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പ് തന്നെ ഗംഭീര്‍ ഭയന്നിരിക്കുകയാണെന്നാണ് പോണ്ടിങ് കഴിഞ്ഞ ദിനം തുറന്നടിച്ചത്. വിരാട് കോഹ്ലിയുടെ ഫോമിനെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ വിമര്‍ശിച്ചതോടെയാണ് ഗംഭീറും പോണ്ടിംഗും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ടോ മൂന്നോ ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രം നേടിയ കോഹ്‌ലിയെ പോലെ ഒരു താരം എങ്ങനെയാണ് ഇപ്പോഴും അന്താരാഷ്ട്ര ടെസ്റ്റുകളില്‍ ടോപ് ഓര്‍ഡറില്‍ കളിക്കുക എന്നായിരുന്നു റിക്കി പോണ്ടിങ്ങിന്റെ ചോദ്യം. എന്നാല്‍ പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ഗംഭീര്‍ തിരിച്ചടിച്ചു.
കോഹ്ലിയുടെയും രോഹിത്തിന്റെയും ഫോമിനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്നുമായിരുന്നു ഗംഭീര്‍ തുറന്നു പറഞ്ഞത്.
ഇതിനുപിന്നാലെ ഗംഭീറിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവം തനിക്ക് നന്നായി അറിയാമെന്നും വ്യക്തമാക്കി പോണ്ടിങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിരാട് കോഹ്‌ലിയെ പരിഹസിച്ചതല്ലെന്നും സ്റ്റാര്‍ ബാറ്ററുടെ ഫോമിനെ കുറിച്ച് സത്യസന്ധമായ അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നും പോണ്ടിങ് വ്യക്തമാക്കി.
ഇതേകാര്യം ആവര്‍ത്തിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയം ഗംഭീറിനെ ശരിക്കും ഭയപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് തനിക്കെതിരെ തിരിയുന്നതെന്നും പോണ്ടിങ് പറഞ്ഞു. പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു പോണ്ടിങ് വീണ്ടും ഗംഭീറിന് നേരെ തിരിഞ്ഞത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കോഹ്‌ലിയുടെ ബാറ്റിങ് ഫോമിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ കോഹ്‌ലിക്ക് മികച്ച റെക്കോര്‍ഡുകളുള്ളതു കൊണ്ടാണ് താന്‍ അക്കാര്യം ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. എന്നാല്‍ ആ വശം കാണാതെയാണ് ഗംഭീര്‍ തനിക്കെതിരെ വിമര്‍ശനവുമായി എത്തിയതെന്നും തന്നോട് ഗംഭീറിന് നേരത്തെ മുതലേ ചില പ്രശ്‌നങ്ങളുണ്ടെന്നും പോണ്ടിങ് വ്യക്താക്കി. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ കിട്ടിയ അവസരം മുതലാക്കി ഗംഭീര്‍ തിരിച്ചടിക്കുകയായിരുന്നുവെന്നും പോണ്ടിങ് പോഡ്കാസ്റ്റില്‍ പറഞ്ഞു.
Content Highlights: Ricky Ponting and Gautam Gambhir's war of words about Virat Kohli's Form continues