സെഞ്ച്വറിയടിച്ച് സഞ്ജുവും തിലകും; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 'ഇന്ത്യന്‍ റണ്‍മല'

സഞ്ജു സാംസണിന്‍റെയും തിലക് വര്‍മയുടെയും വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.

dot image

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഫോം വീണ്ടെടുക്കുകയും തിലക് വര്‍മ വെടിക്കെട്ട് തുടരുകയും ചെയ്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 284 റണ്‍സ് വിജയലക്ഷ്യം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ കേവലം ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു. സഞ്ജു സാംസണിന്‍റെയും തിലക് വര്‍മയുടെയും വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.

വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയുകയായിരുന്നു. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപണിങ് സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് എടുത്തു. 18 പന്തില്‍ 36 റണ്‍സെടുത്ത അഭിഷേക് വര്‍മയെ മാത്രമാണ് ഇന്ത്യയ്ക്ക് ആകെ നഷ്ടപ്പെട്ടത്.

പിന്നാലെയെത്തിയ തിലക് വര്‍മ വെടിക്കെട്ട് ഫോം തുടര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. 28 പന്തില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ച്വറി തികച്ച സഞ്ജു 51-ാം പന്തില്‍ മൂന്നക്കം തികച്ചു. തൊട്ടുപിന്നാലെ തിലകും സെഞ്ച്വറി പൂര്‍ത്തിയാക്കി. സഞ്ജു 56 പന്തില്‍ പുറത്താകാതെ 109 റണ്‍സെടുത്തു. ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 47 പന്തില്‍ 120 റണ്‍സെടുത്ത് തിലകും പുറത്താകാതെ നിന്നു. പത്ത് സിക്‌സും ഒന്‍പത് ബൗണ്ടറിയും അടങ്ങുന്നതാണ് തിലകിന്റെ ഗംഭീര ഇന്നിങ്‌സ്.

ഒരു സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഡക്കായി നിരാശപ്പെടുത്തിയതിന് പിന്നാലെ വീണ്ടും വെടിക്കെട്ട് ഫോമിലേക്കുയര്‍ന്നിരിക്കുകയാണ് സഞ്ജു. പരമ്പരയില്‍ സഞ്ജു നേടുന്ന രണ്ടാം സെഞ്ച്വറിയാണ് ജോഹന്നാസ്ബര്‍ഗില്‍ പിറന്നത്. അതേസമയം തിലക് വര്‍മയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്.

Content Highlights: India vs South Africa, 4th T20I: Sanju Samson, Tilak varma slam centuries, India post 283/1

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us