രഞ്ജി ട്രോഫി; മൂന്ന് വിക്കറ്റ് വീഴ്ത്തി നിധീഷ്, ഹരിയാനയ്‌ക്കെതിരെ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡിലേയ്ക്ക്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാനയ്ക്ക് നൂറ് റണ്‍സ് തികയ്ക്കും മുമ്പ് അഞ്ച് വിക്കറ്റ് നഷ്ടമായി

dot image

ഹരിയാനയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 291 റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാനയ്ക്ക് നൂറ് റണ്‍സ് തികയ്ക്കും മുമ്പ് അഞ്ച് വിക്കറ്റ് നഷ്ടമായി. ഹരിയാനയുടെ ഹോം ഗ്രൗണ്ടില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ് ഹരിയാന.

ഹരിയാനയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുത നിധീഷ് എം ഡിയാണ് ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച സമ്മാനിച്ചത്. 29 റണ്‍സെടുത്ത നിശാന്ത് സിന്ധുവാണ് ഹരിയാനയ്ക്ക് പ്രതീക്ഷ നല്‍കി ക്രീസിലുള്ളത്. ഒരു റണ്ണെടുത്ത് ജയന്ത് യാദവും കൂട്ടിനുണ്ട്.

ടീം സ്‌കോര്‍ 38 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ യുവരാജ് സിങ്ങിനെ (20) പുറത്താക്കി ബേസില്‍ എന്‍ പിയാണ് ഹരിയാനയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്ന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ലക്ഷ്യ സുമനെ (21) പുറത്താക്കി ബേസില്‍ തമ്പിയും ഹരിയാനയ്ക്ക് തിരിച്ചടി നല്‍കി. ക്യാപ്റ്റന്‍ അങ്കിത് കുമാറും ഹിമാന്‍ഷു റാണയും ചേര്‍ന്ന് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. എങ്കിലും സ്‌കോര്‍ 80 ല്‍ എത്തിയപ്പോള്‍ റാണയെ (17) റണ്‍ ഔട്ടാക്കി സല്‍മാന്‍ നിസാര്‍ കേരളത്തിന് മേല്‍ക്കൈ സമ്മാനിച്ചു.

പിന്നീട് എത്തിയ ധീരു സിങ്ങിനും (7) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. അധികം വൈകാതെ ക്യാപ്റ്റന്‍ അന്‍കിത് കുമാറും (27) മടങ്ങി. രണ്ട് വിക്കറ്റുകളും നിധീഷാണ് വീഴ്ത്തിയത്. ഇതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലേക്ക് ഹരിയാന കൂപ്പുകുത്തി. പിന്നീട് നിശാന്ത് സിന്ധു- കപില്‍ ഹൂഡ സഖ്യം 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എങ്കിലും ഹൂഡയെ (9) ജലജ് സക്‌സേനയും സുമിത് കുമാറിനെ (6) നിധീഷും മടക്കി. മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് പുനഃരാരംഭിച്ച കേരളം 291 ന് പുറത്താവുകയായിരുന്നു.

Content Highlights: Ranji Trophy 2024-25: Kerala vs Haryana match updates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us