ന്യൂസിലാൻഡിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് ടേക്കർ; ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ടിം സൗത്തി

എല്ലാ ഫോർമാറ്റിലും കൂടി ന്യൂസിലാൻഡിന് ഏറ്റവും കൂടുതൽ വിക്കറ്റ് സമ്മാനിച്ചതും സൗത്തിയാണ്

dot image

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലാൻഡ് പേസർ ടി സൗത്തി. ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാകും താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുക. അതേസമയം ന്യൂസിലാൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടിയാൽ ആ മത്സരം കൂടി താരത്തിന് ലഭിക്കും. 'ടെസ്റ്റ് ക്രിക്കറ്റിന് എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്, 18 വർഷത്തോളമായി ഞാൻ ബ്ലാക്ക് ക്യാപ്സിന് വേണ്ടി കളിക്കുന്നു, ടീമിൽ ഒരുപാട് യുവതാരങ്ങൾ ഉയർന്നുവരുന്ന സമയം കൂടിയാണിത്, ടെസ്റ്റിൽ നിന്ന് വിരമിക്കാൻ ശരിയായ സമയം ഇതാണെന്ന് തോന്നുന്നു, ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് എന്റെ അവസാന ടെസ്റ്റായിരിക്കും' വിരമിക്കൽ കുറിപ്പിൽ സൗത്തി പറഞ്ഞു.

ടെസ്റ്റിൽ 104 മത്സരങ്ങളിൽ നിന്ന് 385 വിക്കറ്റുകൾ നേടിയ ഈ 35 കാരൻ ന്യൂസിലൻഡിന്റെ തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാളാണ്. എല്ലാ ഫോർമാറ്റിലും കൂടി ന്യൂസിലാൻഡിന് ഏറ്റവും കൂടുതൽ വിക്കറ്റ് സമ്മാനിച്ചതും സൗത്തിയാണ്. എല്ലാ ഫോർമാറ്റിലും കൂടി 770 വിക്കറ്റുകളാണ്‌ താരം നേടിയത്. ഇതിൽ 161 ഏകദിനങ്ങളിൽ നിന്നായി 221 വിക്കറ്റുകളും 125 ടി20 മത്സരങ്ങളിൽ നിന്നായി 164 വിക്കറ്റുകളും ഉൾപ്പെടുന്നു. നാല് ഏകദിന ലോകകപ്പുകൾ, ഏഴ് ടി20 ലോകകപ്പുകൾ, രണ്ട് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റുകൾ, ന്യൂസിലാൻഡ് കിരീടം നേടിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തുടങ്ങിയവയിൽ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Content Highlights: Tim Southee set to retire from Test cricket 

dot image
To advertise here,contact us
dot image