ര‍ഞ്ജി ട്രോഫിയിൽ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് സമനില; ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി

പോയിന്റ് ടേബിളിൽ ​ഗ്രൂപ്പ് സിയിൽ രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് സമനില. അവസാന ദിവസം 253 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്ത് നിൽക്കുമ്പോൾ മത്സരം സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ കേരളം ആദ്യ ഇന്നിം​ഗ്സ് ലീഡ് നേടിയതിനാൽ നിർണായകമായ മൂന്ന് പോയിന്റ് സ്വന്തമായി. സ്കോർ കേരളം ആദ്യ ഇന്നിം​ഗ്സിൽ 291, ഹരിയാന ഒന്നാം ഇന്നിം​ഗ്സിൽ 164. കേരളം രണ്ടാം ഇന്നിം​ഗ്സിൽ രണ്ടിന് 125 ഡി​ക്ലയർഡ്. ഹരിയാന രണ്ടാം ഇന്നിം​ഗ്സിൽ രണ്ടിന് 52.

രാവിലെ ഏഴ് വിക്കറ്റിന് 139 എന്ന സ്കോറിനാണ് ഹരിയാന നാലാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. ഇരുപത്തിയഞ്ച് റൺസ് കൂടി കൂട്ടിച്ചേർത്തതോടെ ഹരിയാന ആദ്യ ഇന്നിംഗ്സിൽ എല്ലാവരും പുറത്താവുകയായിരുന്നു. കേരളത്തിനായി ബേസിൽ തമ്പിയും എം ഡി നിതീഷും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിം​ഗ്സിൽ കേരളത്തിനായി രോഹൻ കുന്നുന്മേൽ പുറത്താകാതെ 62 റൺസും സച്ചിൻ ബേബി 42 റൺസുമെടുത്തു. ആദ്യ രണ്ട് ദിവസങ്ങളിൽ മോശം കാലാവസ്ഥയും വെളിച്ചക്കുറവും മൂലം കളിയുടെ ഭൂരിഭാഗം സമയവും അപഹരിച്ചതാണ് കേരളത്തിന്റെ വിജയത്തിന് തിരിച്ചടിയായത്.

രഞ്ജി ട്രോഫി പോയിന്റ് ടേബിളിൽ ​ഗ്രൂപ്പ് സിയിൽ രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം. രണ്ട് വിജയവും മൂന്ന് സമനിലയും ഉൾപ്പെടെ സീസണിൽ കേരളത്തിന് 18 പോയിന്റാണ് നേടാനായത്. 20 പോയിന്റുള്ള ഹരിയാനയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. അടുത്ത രണ്ട് മത്സരങ്ങളിൽ മധ്യപ്രദേശും ബിഹാറുമാണ് കേരളത്തിന്റെ എതിരാളികൾ. ​ഗ്രൂപ്പ് ​ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനം നിലനിർത്താനായാൽ കേരളത്തിന് രഞ്ജി ട്രോഫിയുടെ ക്വാർട്ടറിൽ കടക്കാം.

Content Highlights: Haryana vs Kerala Ranji Match has drawn, Kerala took first-innings lead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us