ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറിയടിച്ച് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍. ഒരു സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വെടിക്കെട്ട് സെഞ്ച്വറിയടിച്ചാണ് തിരിച്ചുവന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തെയും നാലാമത്തെയും ടി20യില്‍ 56 പന്തില്‍ പുറത്താവാതെ ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ജെറാള്‍ഡ് കോട്‌സി എറിഞ്ഞ 18-ാം ഓവറിലെ അഞ്ചാം പന്തില്‍ സിംഗിള്‍ എടുത്താണ് സഞ്ജു മൂന്നക്കം തികച്ചത്. 51 പന്തില്‍ നിന്നാണ് മലയാളി താരം തന്റെ മൂന്നാം ടി20 സെഞ്ച്വറി അടിച്ചെടുത്തത്. ഇതിനുപിന്നാലെ ഇന്ത്യന്‍ ഡഗ്ഗൗട്ടിലെ താരങ്ങള്‍ എഴുന്നേറ്റുനിന്ന് കൈയ്യടിച്ചിരുന്നു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിന്റെ ഐക്കോണിക് സെലിബ്രേഷനായ മസില്‍ കാണിക്കുകയാണ് ചെയ്തത്. നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന തിലക് വര്‍മയും അതേ ആഘോഷം അനുകരിച്ചു. മസില്‍ കാണിച്ചുകൊണ്ട് സന്തോഷത്തോടെ സഞ്ജുവിനെ തിലക് കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
𝐒𝐚𝐧𝐣𝐮 𝐒𝐚𝐦-𝐓𝐨𝐧 🙌#TeamIndia's wonderboy brings up his 3rd T20I 💯of the year!
— JioCinema (@JioCinema) November 15, 2024
Catch the 4th #SAvIND T20I LIVE on #JioCinema, #Sports18, and #ColorsCineplex! ⚡🏏#JioCinemaSports #SanjuSamson pic.twitter.com/2bBriab9AA
സഞ്ജുവിന്റെ സെഞ്ച്വറിക്ക് തൊട്ടുപിന്നാലെ തിലക് വര്‍മയും ശതകം പൂര്‍ത്തിയാക്കിയിരുന്നു. വാണ്ടറേഴ്‌സ് ഗ്രൗണ്ടില്‍ വണ്ടര്‍ പ്രകടനവുമായി സഞ്ജു സാംസണും തിലക് വര്‍മയും തകര്‍ത്താടിയപ്പോള്‍ റണ്‍ മല പ്രതിരോധിക്കാനാവാതെ ദക്ഷിണാഫ്രിക്ക മുട്ടുമടക്കി. ഇരുവരുടെയും വെടിക്കെട്ട് സെഞ്ച്വറിയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയ 283 റണ്‍സിനടുത്തെത്താന്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 18.2 ഓവറില്‍ 148 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാന്‍ കഴിഞ്ഞത്. ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. തിലക് വര്‍മയാണ് കളിയിലേയും പരമ്പരയിലേയും താരം.
Content Highlights: Suryakumar Yadav, Tilak Varma celebrate Sanju Samson’s Johannesburg Century with signature flex, Video