ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിൽ എം എസ് ധോണിയുടെ പിൻഗാമിയാകാൻ കെ എൽ രാഹുലിന് കഴിയുമെന്ന് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. 'രാഹുല്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററും ടീമിന്റെ നായക സ്ഥാനം ഏൽപ്പിക്കാൻ കഴിയുന്ന താരവുമാണ്. ചെന്നൈ സൂപ്പർ കിംഗ്സിന് എം എസ് ധോണിയുടെ പിൻഗാമിയെ ആവശ്യമാണ്. ഒരു ഇന്ത്യൻ താരത്തെ ധോണിക്ക് പകരക്കാരനായി ലഭിച്ചാൽ നന്നായിരിക്കും. ഐപിഎൽ ലേലത്തിൽ രാഹുലിനെ സ്വന്തമാക്കാൻ ചെന്നൈ ശ്രമിക്കും.' ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
ഐപിഎൽ മെഗാലേലത്തിന് മുമ്പായി കെ എൽ രാഹുലിനെ ടീമിൽ നിലനിർത്താൻ താൽപ്പര്യമില്ലെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അറിയിച്ചിരുന്നു. ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാഹുല്‍ ടീം വിടുകയും ചെയ്തു. 2022, 2023 സീസണുകളിൽ ലഖ്നൗവിനെ ഐപിഎൽ പ്ലേ ഓഫിൽ എത്തിച്ചത് രാഹുലിന്റെ ക്യാപ്റ്റൻസിലിയാണ്. എന്നാൽ 2024ല്‍ ടീം ഏഴാം സ്ഥാനത്തേക്ക് വീണു.
മെഗാലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയിരിക്കുന്നത്. നിക്കോളാസ് പൂരാന് 21 കോടി രൂപ ലഖ്നൗ നൽകും. 11 കോടി രൂപ വീതം നൽകി രവി ബിഷ്ണോയ്, മായങ്ക് യാദവ് എന്നിവരെയും നാല് കോടി വീതം നൽകി മോഹ്സിൻ ഖാനെയും ആയുഷ് ബദോനിയെയും നിലനിർത്തിയിട്ടുണ്ട്. നിലവിലെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ ലഖ്നൗ സൂപ്പർ ജയന്റ്സ് ലേലത്തിന് വെച്ചു. മാർക്കസ് സ്റ്റോയിൻസ്, ക്വിന്റൺ ഡി കോക്ക്, ക്രുണാൽ പാണ്ഡ്യ എന്നിവരെയും ലഖ്നൗ നിലനിർത്തിയില്ല. 69 കോടി രൂപയാണ് ലഖ്നൗവിന് ബാക്കിയുള്ളത്.
Content Highlights: Aakash Chopra believes CSK to choose KL Rahul as MS Dhoni’s successor