പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസം; പരിക്ക് മാറിയ രാഹുല്‍ പരിശീലനം പുനഃരാരംഭിച്ചു

പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന സെഷനുകൾക്കിടെയായിരുന്നു രാഹുലിന് പരിക്കേറ്റത്

dot image

പെര്‍ത്ത് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ചു. പരിക്കില്‍ നിന്ന് മുക്തനായ താരം നെറ്റ്‌സിലേക്ക് തിരിച്ചെത്തിയത് ഓസീസ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യമാണ്.

വെസ്റ്റേണ്‍ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ (ഡബ്ല്യുഎസിഎ) ഗ്രൗണ്ടില്‍ ഞായറാഴ്ചയാണ് രാഹുല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും അടക്കമുള്ള മുന്‍നിര ബൗളര്‍മാരെ നേരിട്ട രാഹുല്‍ ഒരു മണിക്കൂറിലധികം ബാറ്റിങ് തുടര്‍ന്നു.

പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന സെഷനുകൾക്കിടെയായിരുന്നു രാഹുലിന് പരിക്കേറ്റത്. കൈക്കുഴയ്ക്ക് പരിക്കേറ്റ താരം കളി മുഴുവനാക്കാതെ കളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപോവുകയും ചെയ്തു. ജയ്‌സ്വാളിനൊപ്പം ബാറ്റ് ചെയ്യവെയായിരുന്നു പരിക്കേറ്റത്.

രാഹുലിന് പരിക്കേറ്റതിന് പിന്നാലെ ഓപണിങ് ബാറ്റർ ശുഭ്മൻ ​ഗില്ലിനും കൈവിരലിന് പരിക്കേറ്റിരുന്നു. ഫീൽഡിങ് പരിശീലനത്തിനിടെയാണ് ​ഗില്ലിന്റെ കൈവിരലിന് പരിക്കേറ്റത്. ഇതോടെ യുവതാരം ​ഗിൽ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകൾ വന്നു. തുടർന്ന് യുവതാരങ്ങളായ സായി സുദർശനോടും ദേവ്ദത്ത് പടിക്കലിനോടും ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റിന് മുമ്പ് പരിശീലന മത്സരം കളിക്കണമെന്ന മുന്‍ താരങ്ങളുടെ ആവശ്യം ആദ്യം ഇന്ത്യൻ ടീം നിരസിച്ചെങ്കിലും പിന്നീട് ബിസിസിഐ നിര്‍ദേശത്തെത്തുടര്‍ന്ന് പരിശീലന മത്സരം കളിക്കാന്‍ തയ്യാറാവുകയായിരുന്നു.

Content Highlights: KL Rahul resumes net practice after injury scare ahead of BGT 2024-25 opener

dot image
To advertise here,contact us
dot image