ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇന്ത്യൻ താരം വിരാട് കോഹ്‍ലിയെ പിന്തുണച്ച് പേസർ ഷർദുൽ താക്കൂർ. 'ക്രിക്കറ്റ് കളിക്കുമ്പോൾ വിമർശനം സ്വാഭാവികമാണ്. കോഹ്‍ലി ബാറ്റ് ചെയ്യുമ്പോൾ എപ്പോഴും ആരാധകർ ഒരു സെഞ്ച്വറി പ്രതീക്ഷിക്കുന്നു. 70 റൺസ് നേടുമ്പോഴും കോഹ്‍ലി ബാറ്റിങ്ങിൽ പരാജയപ്പെട്ടുവെന്നാണ് കരുതുന്നത്. യഥാർത്ഥത്തിൽ 70 റൺസ് വലിയൊരു സ്കോറാണ്. കോഹ്‍ലി ഒരുപാട് സെഞ്ച്വറി നേടിയിട്ടുണ്ട്. സച്ചിൻ തെണ്ടുൽക്കറിന് ശേഷം ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമാണ് വിരാട് കോഹ്‍ലി.' ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസിന് നൽകിയ അഭിമുഖത്തിൽ ഷാർദുൽ താക്കൂർ പറഞ്ഞു.
'ഓസ്ട്രേലിയയിൽ വിരാട് കോഹ്‍ലിക്ക് മികച്ച റെക്കോർഡാണുള്ളതെന്ന് എല്ലാവർക്കും അറിയാം. ഇത്തവണയും മികച്ച പ്രകടനം നടത്താന്‍ കോഹ്‍ലിക്ക് കഴിയും. സാങ്കേതിക തികവിലും ക്രിക്കറ്റിനോടുള്ള സമീപനത്തിലും കോഹ്‍ലി ഇപ്പോഴും മികവ് പുലർത്തുന്നു. തന്റെ മികവ് എന്തെന്ന് കോഹ്‍ലി പലതവണ തെളിയിച്ചിട്ടുണ്ട്.' ഓസ്ട്രേലിയയിൽ അത് തുടരുമെന്നാണ് പ്രതീക്ഷയെന്നും ഷാർദുൽ താക്കൂർ വ്യക്തമാക്കി.
കഴിഞ്ഞ ബംഗ്ലാദേശ്, ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരകളിലെ 10 ഇന്നിംഗ്സുകളിലായി വിരാട് കോഹ്‍ലിക്ക് 192 റൺസ് മാത്രമാണ് നേടാനായത്. താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഓസ്ട്രേലിയയിൽ ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിൽ കോഹ്‍ലി തന്റെ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
Content Highlights: Shardul Thakur honest admission Virat's struggling form