ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ഏകദിനത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 45.1 ഓവറിൽ 209 റൺസിൽ ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 46 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡ് ബാറ്റിങ്ങിനിടെ പലതവണ മത്സരം മഴ തടസപ്പെടുത്തി. ഇതോടെ മത്സരം 47 ഓവറായി ചുരുങ്ങി. മാർക് ചാംപാന്റെ 76 റൺസിന്റെയും മിച്ചൽ ഹെയുടെ 49 റൺസിന്റെയും മികവിലാണ് ന്യൂസിലാൻഡ് സ്കോർ 200 കടന്നത്. ശ്രീലങ്കയ്ക്കായി ദുനിത് വെല്ലലാഗെ, ജെഫ്രെ വാൻഡർസെ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ നിരയിൽ മൂന്നാമനായി ക്രീസിലെത്തി 74 റൺസുമായി പുറത്താകാതെ നിന്ന കുശൽ മെൻഡിസാണ് കിവീസിന്റെ വിജയം തടഞ്ഞത്. മഹീഷ് തീക്ഷണ പുറത്താകാതെ 27 റൺസുമായി അവസരോചിത ഇന്നിംഗ്സ് കളിച്ചു. പതും നിസങ്ക 28 റൺസും നേടി. പരമ്പരയിലെ ആദ്യ മത്സരം ശ്രീലങ്ക വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ശ്രീലങ്ക ഇപ്പോൾ 2-0ത്തിനാണ് മുന്നിൽ നിൽക്കുന്നത്.
Content Highlights: Sri Lanka beat New Zealand by 3 wickets