ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബൗളിങ് പരിശീലകനായി ഓംകാർ സാൽവിയെ നിയോഗിച്ചു. നിലവിൽ മുംബൈ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാണ് സാൽവി. കഴിഞ്ഞ സീസണിൽ മുംബൈയെ രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും സാൽവി ചാംപ്യനാക്കിയിരുന്നു. ഇത്തവണത്തെ രഞ്ജി സീസണിന് പിന്നാലെ സാൽവി റോയൽ ചലഞ്ചേഴ്സിനൊപ്പം ചേരും.
അതിനിടെ ഐപിഎല്ലിൽ മികച്ചൊരു ടീമിനെ നിർമിക്കുകയാണ് റോയൽ ചലഞ്ചേഴ്സിന്റെ മറ്റൊരു ലക്ഷ്യം. നിലവിൽ മൂന്ന് താരങ്ങളെ മാത്രമാണ് റോയൽ ചലഞ്ചേഴ്സ് ഐപിഎൽ മെഗാലേലത്തിന് മുമ്പ് നിലനിർത്തിയിരിക്കുന്നത്. 21 കോടി രൂപയ്ക്ക് വിരാട് കോഹ്‍ലിയെ റോയൽ ചലഞ്ചേഴ്സ് നിലനിർത്തിയപ്പോൾ 11 കോടിക്ക് ബെംഗളൂരു രജത് പാട്ടിദാറിനെയും അഞ്ച് കോടി രൂപയ്ക്ക് യാഷ് ദയാലിനെയും റോയൽ ചലഞ്ചേഴ്സ് നിലനിർത്തിയിട്ടുണ്ട്.
83 കോടി രൂപ ബെംഗളൂരുവിന്റെ പോക്കറ്റിൽ ബാക്കിയുണ്ട്. മൂന്ന് റൈറ്റ് ടൂ മാച്ച് കാർഡുകളും റോയൽ ചലഞ്ചേഴ്സിന് ബാക്കിയാണ്. നിലവിലെ നായകൻ ഫാഫ് ഡു പ്ലെസിസ് ബെംഗളൂരു നിരയിൽ നിന്ന് ഐപിഎൽ ലേലത്തിനെത്തും. ഡു പ്ലെസിനെ വീണ്ടും ടീമിലെത്തിച്ചില്ലെങ്കിൽ റോയൽ ചാലഞ്ചേഴ്സിന് പുതിയ നായകനെ ഉൾപ്പെടെ കണ്ടെത്തേണ്ടി വരും.
Content Highlights: Omkar Salvi Appointed As RCB's New Bowling Coach Ahead Of IPL 2025 Season