ഒരിക്കൽ തനിക്ക് രഞ്ജി ട്രോഫി ക്രിക്കറ്റിനെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നുവെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി. താൻ ക്രിക്കറ്റ് കളിച്ച് തുടങ്ങിയപ്പോൾ രഞ്ജി ട്രോഫിയെക്കുറിച്ചോ സീനിയർ ടീമിനെക്കുറിച്ചോ അറിയില്ലായിരുന്നു. അണ്ടർ 17 ജില്ലാ ടീമിൽ എത്തിയതിന് ശേഷം മാത്രമാണ് താൻ രഞ്ജി ട്രോഫിയെക്കുറിച്ച് അറിഞ്ഞത്. ഹരിയാനയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ സച്ചിൻ ബേബി പറഞ്ഞു.
രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേട്ടമെന്ന റെക്കോർഡിലും സച്ചിൻ പ്രതികരിക്കുകയുണ്ടായി. ഉത്തർപ്രദേശിനെതിരെ താൻ 85 റൺസെടുത്തപ്പോൾ കേരള ടീം മാനേജർ സജി സാർ തന്നോട് സെഞ്ച്വറി അടിക്കാമായിരുന്നു എന്ന് പറഞ്ഞു. സെഞ്ച്വറി നേടിയിരുന്നെങ്കിൽ രഞ്ജിയിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം താൻ ആകുമായിരുന്നുവെന്നും സാർ പറഞ്ഞു. സച്ചിൻ ബേബി ഓർമിക്കുകയുണ്ടായി.
പിന്നാലെ ഹരിയാനയ്ക്കെതിരായ മത്സരത്തിനിടെയാണ് സച്ചിൻ ബേബി രഞ്ജിയിൽ കേരളത്തിനായി കൂടുതൽ റൺസെന്ന നേട്ടം സ്വന്തമാക്കിയത്. രോഹൻ പ്രേമിന്റെ റെക്കോർഡാണ് സച്ചിൻ ബേബി മറികടന്നത്. നിലവിൽ കേരളത്തിനായി എല്ലാ ഫോർമാറ്റിലും കൂടുതൽ റൺസ് നേടിയത് സച്ചിൻ ബേബിയാണ്.
അതിനിടെ രഞ്ജി ട്രോഫി പോയിന്റ് ടേബിളിൽ ഗ്രൂപ്പ് സിയിൽ രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം. രണ്ട് വിജയവും മൂന്ന് സമനിലയും ഉൾപ്പെടെ സീസണിൽ കേരളത്തിന് 18 പോയിന്റാണ് നേടാനായത്. 20 പോയിന്റുള്ള ഹരിയാനയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. അടുത്ത രണ്ട് മത്സരങ്ങളിൽ മധ്യപ്രദേശും ബിഹാറുമാണ് കേരളത്തിന്റെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനം നിലനിർത്താനായാൽ കേരളത്തിന് രഞ്ജി ട്രോഫിയുടെ ക്വാർട്ടറിൽ കടക്കാം.
Content Highlights: The Sachin Baby Story: From not knowing about Ranji Trophy to becoming Kerala’s all-time top-scorer