ഇന്ത്യയില്ലാതെ ചാമ്പ്യൻസ് ട്രോഫി നടക്കില്ല, പകരം മറ്റ് ആനുകൂല്യങ്ങൾ; പാകിസ്താനെ അനുനയിപ്പിക്കാൻ ICC

ഇന്ത്യ മുന്നോട്ട് വെച്ച ‘ഹൈബ്രിഡ് മോ‍ഡൽ’ പാകിസ്താനെ കൊണ്ട് ഏത് വിധേനയും അഗീകരിപ്പിക്കാനാണ് ഐസിസി ഇപ്പോൾ ശ്രമിക്കുന്നത്.

dot image

ചാമ്പ്യൻസ് ട്രോഫി വിവാദത്തിൽ പുതിയ അനുനയ നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലായ ഐസിസി. ഇന്ത്യ മുന്നോട്ട് വെച്ച ‘ഹൈബ്രിഡ് മോ‍ഡൽ’ പാകിസ്താനെ കൊണ്ട് ഏത് വിധേനയും അഗീകരിപ്പിക്കാനാണ് ഐസിസി ഇപ്പോൾ ശ്രമിക്കുന്നത്. പകരം ലാഭ വിഹിതത്തിലും മറ്റും പാക് ക്രിക്കറ്റ് ബോർഡിനോടും പാക് സർക്കാരിനോടും അനുകൂല നിലപാട് ഐസിസി സ്വീകരിക്കും.

ഇന്ത്യയില്ലാതെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടത്താന്‍ സാധിക്കില്ലെന്ന ബോധ്യം നിലവിൽ ഐസിസിക്കുണ്ട്. ഈ ബോധ്യം പാക് ക്രിക്കറ്റ് ബോർഡിനെയും കൺവിൻസ്‌ ചെയ്യാനാണ് ശ്രമം. സർക്കാർ സമ്മർദത്തെ തുടർന്ന് ടൂര്‍ണമെന്റിലെ എല്ലാ കളികളും പാകിസ്താനിൽ തന്നെ നടത്തണമെന്ന കടുംപിടിത്തത്തിലാണ് പാക്ക് ക്രിക്കറ്റ് ബോർഡ്. കളിയ്ക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് വരില്ലെങ്കിൽ ഇന്ത്യയ്ക്ക് പകരം മറ്റ് ടീമിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ചില പാക് മുൻ താരങ്ങളടക്കം ഉയർത്തിയിരുന്നു. എന്നാൽ വാണിജ്യ താൽപര്യങ്ങളും മറ്റും മുൻ നിർത്തി ഐസിസി ഇതിന് ഒരുങ്ങുന്നില്ലെന്ന് ഉറപ്പാണ്. നിലവിൽ ഐസിസി ചെയർമാനായി മുൻ ബിസിസിഐ പ്രസിഡന്റായ ജയ് ഷാ നിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

അതേസമയം സുരക്ഷാ ആശങ്കകളുള്ളതിനാല്‍ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് വിടാൻ സാധിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. എല്ലാ കളികളും പാക്സിതാനിൽ നടക്കില്ലെങ്കിൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് പിൻമാറാൻ പാക്ക് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നുണ്ട്. നേരത്തേ പാക്കിസ്ഥാനിൽ നടന്ന ഏഷ്യാകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് കളിച്ചത്. ഇതേ രീതി തന്നെ ചാംപ്യൻസ് ട്രോഫിയിലും നടപ്പാക്കാനാണ് ഐസിസിക്ക് താൽപര്യം.

എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ അന്തിമ ഷെഡ്യൂൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സമ്മതിച്ചാൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യുഎഇയിലേക്കു മാറ്റും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചാംപ്യൻസ് ട്രോഫിയുടെ മത്സരക്രമം പുറത്തുവിടും. അടുത്ത വർഷം ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് തുടങ്ങേണ്ടത്. വേദി വിവാദം കൂടുതൽ കൊഴുത്തതോടെ ടൂർണമെന്റിന്റെ ഭാവിയും ആശങ്കയിലായിരിക്കുകയാണ്.

Content Highlights: ICC is trying to make PCB understand why the hybrid model is the best way for the tournament

dot image
To advertise here,contact us
dot image