ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ ടീമിനെ വിലയിരുത്തി ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്ൻ. 'പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം എങ്ങനെ ആകുമെന്ന് പറയാൻ കഴിയില്ല. എല്ലാ തരം സാഹചര്യങ്ങളിലും ഇന്ത്യ കളിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സ്പിന്നിനെ നേരിടാൻ ഇന്ത്യയ്ക്ക് കഴിയും. എന്നാൽ ഇത്തവണ സ്വന്തം നാട്ടിൽ പരമ്പര തോറ്റതിന് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ എത്തുന്നത്. ഇതാദ്യമായാണ് ഇന്ത്യൻ ടീമിന് ഇങ്ങനെ സംഭവിക്കുന്നത്.' മാർനസ് ലബുഷെയ്ൻ പ്രതികരിച്ചു.
പരമ്പര തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടാകും. ഓസ്ട്രേലിയയ്ക്ക് ഇത് ഗുണം ചെയ്യും. എങ്കിലും നിലവിലത്തെ ഇന്ത്യൻ ടെസ്റ്റ് ടീം ഏറെ മികച്ചതാണ്. ഒരിക്കലും ഇന്ത്യൻ ടീമിനെ വിലകുറച്ച് കാണാൻ കഴിയില്ല. 2021ൽ ഇന്ത്യയുടെ കരുത്ത് എന്തെന്ന് അവർ കാട്ടിയതാണെന്നും ലബുഷെയ്ൻ വ്യക്തമാക്കി.
2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.
Content Highlights: Marnus Labuschagne's viral reaction ahead of Perth test