ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് റിഷഭ് പന്തിനായി ആർടിഎം കാർഡ് ഉപയോഗിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ സഹ ഉടമകളിൽ ഒരാളുമായി റിഷഭ് പന്തിന്റെ ബന്ധം വഷളായിരുന്നു. ഇതേ തുടർന്നാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചനകൾ. താരലേലത്തിലും പന്തിനെ തിരികെയെത്തിക്കാൻ ഡൽഹിക്ക് പദ്ധതികളില്ലെന്ന് ഖേൽനൗ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് കൈവിട്ടിരുന്നു. താരത്തിന്റെ നേതൃമികവിലും ബാറ്റിങ് കണക്കുകളിലും ടീം ഉടമകൾ തൃപ്തരല്ലെന്നാണ് അണിയറ സംസാരം.
ഡൽഹി നിരയിലെ ഒന്നാം നിര താരമായത് ഓൾ റൗണ്ടർ അക്സർ പട്ടേലാണ്. 16.50 കോടി രൂപയ്ക്കാണ് അക്സറിനെ ഡൽഹി നിലനിർത്തിയത്. കുൽദീപ് യാദവിനെ 13.25 കോടി രൂപയും ട്രിസ്റ്റൺ സ്റ്റബ്സിന് 10 കോടി രൂപയും നൽകി ഡൽഹി നിലനിർത്തി. അഭിഷേക് പോറലിനെ നാല് കോടി രൂപയ്ക്കാണ് ഡൽഹി നിലനിർത്തിയിരിക്കുന്നത്. 73 കോടി രൂപയാണ് ഡൽഹി ക്യാപിറ്റൽസിന് മെഗാലേലത്തിന് ബാക്കിയുള്ളത്. ഡേവിഡ് വാർണർ, ആൻഡ്രിച്ച് നോർജെ, ജെയ്ക് ഫ്രെയ്സർ മക്ഗർഗ് എന്നിവരെയും ഡൽഹി ലേലത്തിനയച്ചു.
Content Highlights: Delhi Capitals to refrain from using RTM card on Rishabh Pant at IPL 2025 mega auction