ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പേ പോര്‍മുഖം തുറന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷ്. അഡ്‌ലെയ്ഡ് അഡ്വര്‍ടൈസര്‍ പോലുള്ള ഓസീസ് പത്രങ്ങള്‍ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി വാർത്തകള്‍ നല്‍കിയിരുന്നു. ഓസ്‌ട്രേലിയയുടെ റൂള്‍സ് ഫുട്‌ബോള്‍ താരം ഹാര്‍ലസി റീഡിനെ പോലെ ഓസ്‌ട്രേലിയന്‍ പത്രങ്ങളെല്ലാം കോഹ്‌ലിയെ വാഴ്ത്തിപ്പാടുകയാണെന്നാണ് മാര്‍ഷ് പറയുന്നത്. എന്നാല്‍ പരമ്പരയിലുടനീളം കോഹ്‌ലിയെ ഒതുക്കിനിര്‍ത്തുമെന്നും മാര്‍ഷ് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'പത്രങ്ങളുടെ കവറേജ് നോക്കിയാല്‍ കോഹ്‌ലി പുതിയ ഹാര്‍ലി റീഡ് ആണെന്നാണ് എനിക്ക് തോന്നുന്നത്. വെസ്റ്റ് ഓസ്‌ട്രേലിയയിലുള്ള ഒട്ടുമിക്ക പത്രങ്ങളിലും കോഹ്‌ലി നിറഞ്ഞുനില്‍ക്കുകയാണ്. അദ്ദേഹത്തെ കുറിച്ച് വായിക്കുന്നത് രസകരമായ കാര്യമാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് കോഹ്‌ലി. നന്നായി കളിക്കാതെ ഒരാള്‍ക്ക് മികച്ച താരമാവാന്‍ കഴിയില്ല', മാര്‍ഷ് പറഞ്ഞു.
"He’s the new Harley Reid, in terms of back pages" - Mitchell Marsh on Virat Kohli being popular among Australian media as BGT 2024/25 looms https://t.co/yI7d9Izhmd
— Sports Lab (@SportsLab18) November 19, 2024
'ഞങ്ങള്‍ ഒരുപാട് ബഹുമാനിക്കുന്ന താരമാണ് വിരാട് കോഹ്‌ലി. പക്ഷേ പരമ്പരയിലുടനീളം അദ്ദേഹത്തെ അടക്കിനിര്‍ത്താന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ കോഹ്‌ലി ഞങ്ങളേക്കാള്‍ മികച്ച പ്രകടനം നടത്തുന്ന സമയങ്ങള്‍ ഉണ്ടായേക്കാം. ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ അതിനെ ബഹുമാനിക്കണം. വിരാട് കോഹ്‌ലിയെപ്പോലുള്ള താരങ്ങള്‍ക്കെതിരെ മത്സരിക്കാനായി കാത്തിരിക്കുകയാണ് ഞങ്ങള്‍', മാര്‍ഷ് കൂട്ടിച്ചേര്‍ത്തു.
മോശം ഫോമിലാണെങ്കിലും കോഹ്‌ലിയെ എഴുതിത്തള്ളാനാവില്ലെന്ന് നഥാന്‍ ലിയോണ്‍ അടക്കമുള്ള ഓസീസ് താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഓസീസ് പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോഹ്‌ലിയുടെ മോശം ഫോം ആരാധകര്‍ക്കും ആശങ്ക സൃഷ്ടിച്ചിട്ടിട്ടുണ്ട് എന്നത് വ്യക്തമാണ്. കഴിഞ്ഞ ബംഗ്ലാദേശ്, ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരകളിലെ 10 ഇന്നിംഗ്സുകളിലായി വിരാട് കോഹ്‍ലിക്ക് 192 റൺസ് മാത്രമാണ് നേടാനായത്. താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിൽ കോഹ്‍ലി തന്റെ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.
Content Highlights: Mitchell Marsh on Virat Kohli being popular among Australian media as BGT 2024/25 looms