രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനാകാൻ ഒരുങ്ങുകയാണ് ജസ്പ്രീത് ബുംമ്ര. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത് ബുംമ്രയ്ക്ക് ഇത് രണ്ടാം മത്സരം മാത്രമാണ്. മുമ്പ് രോഹിത് ശർമയുടെ അഭാവത്തിൽ ബുംമ്ര ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിച്ചിരുന്നു. മത്സരത്തിൽ ഒരുഘട്ടത്തിൽ ഇന്ത്യ ഏറെ മുന്നിലായിരുന്നു. എന്നാൽ അവസാന ദിവസം ഇംഗ്ലണ്ട് ബാറ്റർമാർ അപ്രതീക്ഷിതമായ ഒരു നീക്കം നടത്തി.
2021ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം കൊവിഡിനെ തുടർന്ന് നീട്ടിവെയ്ക്കപ്പെട്ടു. പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലായിരുന്നു. ബെൻ സ്റ്റോക്സ് നയിച്ച ഇംഗ്ലണ്ട് ടീം ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റിഷഭ് പന്തിന്റെ 146 റൺസ് മികവിൽ ആദ്യ ഇന്നിംഗ്സിൽ 416 റൺസെടുത്തു. രവീന്ദ്ര ജഡേജ 104 റൺസും നേടി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് മറുപടി 286 റൺസിൽ അവസാനിച്ചു.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി ചേത്വേശർ പൂജാര 66 റൺസും റിഷഭ് പന്ത് 57 റൺസും നേടി. 245 റൺസാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന് മുന്നിൽ ഒരു ദിവസം ബാക്കി നിൽക്കെ ഉണ്ടായിരുന്നത് 378 റൺസിന്റെ വിജയലക്ഷ്യമായിരുന്നു. ഏറെക്കുറെ ഇംഗ്ലണ്ടിന് അസാധ്യമായിരുന്ന ലക്ഷ്യം പക്ഷേ ഇംഗ്ലീഷ് ബാറ്റർമാർ 76.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയെടുത്തു. ഓവറിൽ അഞ്ച് റൺസ് ശരാശരിയിലായിരുന്നു ഇംഗ്ലണ്ട് ബാറ്റർമാരുടെ സ്കോറിങ്. അന്ന് മുതലാണ് ഇംഗ്ലീഷ് ക്രിക്കറ്റിലെ ബാസ്ബോൾ തന്ത്രത്തെക്കുറിച്ച് കായികലോകം വിലയിരുത്തി തുടങ്ങിയത്. നായകനായ ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംമ്രയ്ക്ക് തോൽവി നേരിടേണ്ടി വന്നു. വീണ്ടുമൊരിക്കൽ കൂടി ബുംമ്ര ഇന്ത്യൻ നായകനാകുകയാണ്. ഇത്തവണ ഓസ്ട്രേലിയയാണ് എതിരാളികൾ.
Content Highlights: What happened the last time Jasprit Bumrah captained India in a Test match