ഐപിഎല്ലില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററും ക്യാപ്റ്റനുമായ സഞ്ജു സാംസണെ ഓപണറാക്കി ഇറക്കണമെന്ന് രാജസ്ഥാന്‍ റോയല്‍സിന് നിർദേശം നല്‍കിയിരുന്നെന്ന് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു. ടീം ഇന്ത്യയ്ക്ക് വേണ്ടി ഓപണിങ്ങിലേക്ക് വന്നതിന് ശേഷം വലിയ മാറ്റമാണ് സഞ്ജുവിന് സംഭവിച്ചിരിക്കുന്നത്. രണ്ട് ടി20 പരമ്പരകളിലായി ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്ത സഞ്ജുവിന് വെടിക്കെട്ട് സെഞ്ച്വറികള്‍ അടിച്ചെടുക്കാന്‍ സാധിച്ചിരുന്നു.
എന്നാല്‍ സഞ്ജുവിന്റെ ഈ മിടുക്ക് ആദ്യം തിരിച്ചറിയാന്‍ തനിക്ക് സാധിച്ചുവെന്നാണ് റായുഡു പറയുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ സഞ്ജുവിന് ഓപണിങ് റോള്‍ നല്‍കണമെന്ന് രാജസ്ഥാന്‍ റോയല്‍സിനോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ റോയല്‍സ് തന്റെ നിര്‍ദേശം കാര്യമായി എടുത്തില്ലെന്നും അതില്‍ തനിക്ക് ഇപ്പോഴും വിഷമമുണ്ടെന്നും റായുഡു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ പറഞ്ഞു.
'യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജുവിനെ ഓപണറായി ഇറക്കണമെന്ന് റോയല്‍സിനോട് നിര്‍ദേശിച്ചിരുന്നു. കാരണം മൂന്നാം നമ്പറില്‍ ഇറങ്ങി തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ച വെക്കുന്നത്. ഓപണറായി ഇറങ്ങിയാല്‍ ഇന്നിങ്‌സ് നിയന്ത്രിക്കാന്‍ സഞ്ജുവിന് സാധിക്കും', റായുഡു പറഞ്ഞു.
'20 ഓവറും ബാറ്റ് ചെയ്യാനുള്ള കഴിവും സഞ്ജുവിനുണ്ട്. ഇത് റോയല്‍സിന് പ്ലേ ഓഫിലേക്ക് പോകുന്നതില്‍ നിര്‍ണായകമാകുമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ ടോം കോഹ്‌ലര്‍ കാഡ്‌മോറിനെ ഓപണിങ്ങില്‍ പരീക്ഷിക്കാന്‍ രാജസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം അവരുടെ സീസണ്‍ തകര്‍ക്കുകയും ചെയ്തു. അക്കാര്യം ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്', റായുഡു കൂട്ടിച്ചേർത്തു.
Ambati Rayudu have said that even before playoffs that Sanju Samson should open the innings for RR but the decision of going with tom kohler cadmore as opener ruined our IPL 2024 and it's still hurts #SanjuSamson pic.twitter.com/jsfbF0C4k5
— Aditya Soni (@imAdsoni) November 20, 2024
ടീം ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് സെഞ്ച്വറികള്‍ അടിച്ചെടുത്ത സഞ്ജു ടി 20 യിൽ ഓപണിങ് സ്ഥാനം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്ഥിരം ഓപണിങ് ജോടികളായ ശുഭ്മന്‍ ഗില്‍- യശസ്വി ജയ്സ്വാള്‍ എന്നിവരുടെ അഭാവത്തിലാണ് ബംഗ്ലാദേശിനും സൗത്താഫ്രിക്കയ്ക്കുമെതിരായ ടി20 പരമ്പരകളില്‍ സഞ്ജുവിന് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. ബംഗ്ലാദേശിനെതിരെ കന്നി സെഞ്ച്വറി കുറിച്ച മലയാളി താരം അടുത്ത പരമ്പരയില്‍ രണ്ടു സെഞ്ച്വറി കൂടി അടിച്ചെടുക്കുകയും ചെയ്തു.
Content Highlights: Ambati Rayudu about Sanju Samson's Opening role in Rajasthan Royals