ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിൽ മികച്ച പ്രകടനം നടത്താനാവുമെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ. ഓസ്ട്രേലിയയിൽ താൻ ആദ്യമായാണ് കളിക്കാനൊരുങ്ങുന്നത്. ഈ പരമ്പരയിൽ തനിക്ക് മികച്ച പ്രകടനം നടത്തണം. ഓസ്ട്രേലിയയിൽ വ്യത്യസ്തമായ സ്റ്റേഡിയങ്ങളാണുള്ളത്. ബൗൺസിനെ തുണയ്ക്കുന്ന വിക്കറ്റുകളാണ് ഇവിടെയുള്ളത്. എന്നാൽ പിച്ച് എങ്ങനെ പെരുമാറുമെന്ന് അറിയാം. ഓസ്ട്രേലിയൻ പരമ്പരയ്ക്കായി മാനസികമായി ഇന്ത്യൻ ടീം തയ്യാറെടുത്തുകഴിഞ്ഞു. ജയ്സ്വാൾ ബിസിസിഐ വീഡിയോയിൽ പറഞ്ഞു.
നാളെ മുതലാണ് ബോർഡർ-ഗാവസ്കർ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പെർത്താണ് മത്സരവേദി. 1992ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ന് ശേഷം തുടർച്ചയായി നാല് തവണ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയാണ് വിജയികൾ. അതിൽ രണ്ട് തവണ ഓസ്ട്രേലിയയിലായിരുന്നു ഇന്ത്യൻ വിജയം. ഇത്തവണ ഓസീസ് മണ്ണിൽ വീണ്ടും പരമ്പര നേട്ടമാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.
2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.
Content Highlights: Yashasvi Jaiswal hopes well ahead of BGT series