ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഫീല്‍ഡിങ്ങിലും നിരാശപ്പെടുത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ 151 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ തിരിച്ചടിക്കുകയാണ്. ഓപണര്‍ നഥാന്‍ മക്സ്വീനിയെ പുറത്താക്കി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഉസ്മാന് ഖവാജയുടെ വിക്കറ്റ് വീഴ്ത്തിയ ബുംറ തൊട്ടടുത്ത പന്തില്‍ സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി.
ഇതിനിടെ മാര്‍നസ് ലബുഷെയ്നെ പുറത്താക്കാനുള്ള നിര്‍ണായക അവസരം കളഞ്ഞുകുളിക്കുകയും ചെയ്തു, വിരാട് കോഹ്ലി. ബുംറ എറിഞ്ഞ മൂന്നാം ഓവറില്‍ ലബുഷെയ്ന് സമ്മാനിച്ച ക്യാച്ച് കോഹ്ലി അവിശ്വസനീയമായി സ്ലിപ്പില്‍ കൈവിടുകയായിരുന്നു.
ബുംമ്രയുടെ പന്തിൽ കൈയ്യിലേക്ക് വന്ന അനായാസ സിറ്ററാണ് കോഹ്ലി കൈവിട്ടത്. വിക്കറ്റ് കിട്ടിയെന്ന ഉറപ്പിൽ ബുംമ്ര അപ്പോഴേക്കും ആഘോഷവും തുടങ്ങിയിരുന്നു. അപ്പോഴാണ് ഈ ക്യാച്ച് കൈയ്യിൽ ഒതുങ്ങിയില്ലെന്ന് കോഹ്ലി തന്നെ ആംഗ്യം കാണിക്കുന്നത്. ഇതുകണ്ട് ബുംറയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ വിശ്വസിക്കാനാവാതെ ഞെട്ടുന്നതും വീഡിയോയില്‍ കാണാം.
One of the more extraordinary drops you'll see! #AUSvIND pic.twitter.com/LdxmEYeWQx
— cricket.com.au (@cricketcomau) November 22, 2024
ഒന്നാം ഇന്നിങ്സ് 17 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന നിലയിലാണ് ഓസീസ്. നഥാന്‍ മക്സ്വീനി (10), ഉസ്മാന് ഖവാജ (8), സ്റ്റീവ് സ്മിത്ത് (0), ട്രാവിസ് ഹെഡ് (11) എന്നിവരാണ് പുറത്തായത്. 38 പന്തില്‍ ഒരു റണ്ണുമായി ലബുഷെയ്നും 18 പന്തില്‍ ആറ് റണ്‍സെടുത്ത് മാര്‍ഷും ക്രീസിലുണ്ട്.
Content Highlights: AUS vs IND 1st Test: Virat Kohli Drops Marnus Labuschagne In Slips